കണ്ണൂരിൽ സിപിഐഎം ഇന്ന് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കും; കെ കെ രാഗേഷിനും എം പ്രകാശനും സാധ്യത

ജില്ലാ സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുത്ത എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്

dot image

കണ്ണൂർ: എം വി ജയരാജന് പകരം പുതിയ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിനുശേഷം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചിരുന്നില്ല. ഇതും ഇന്നത്തെ ജില്ലാ കമ്മിറ്റി യോ​ഗത്തിൽ രൂപീകരിക്കും.

ജില്ലാ സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുത്ത എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ കെ കെ രാഗേഷും എം പ്രകാശൻ മാസ്റ്ററുമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരി​ഗണിക്കപ്പെടുന്നത്. നേരത്തെ ജില്ലാ സമ്മേളനത്തിൽ എം വി ​ജയരാജൻ സെക്രട്ടറി പദം ഒഴിയുമെന്നും കെ കെ രാ​ഗേഷിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കെ കെ രാ​ഗേഷ് സെക്രട്ടറിയായി വരുന്നതിനെതിരെ മുറുമുറുപ്പുകൾ ഉയർന്നതിനെ തുടർന്നാണ് ഈ നീക്കം വേണ്ടെന്ന് വെച്ചതെന്നും സൂചനകളുണ്ടായിരുന്നു. എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് വരുമെന്നും കെ കെ രാ​ഗേഷ് ജില്ലാ സെക്രട്ടറിയായി വരുമെന്നും അന്ന് തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

സംസ്ഥാന സമ്മേളനം എം പ്രകാശൻ മാസ്റ്ററെ സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പരി​ഗണിച്ചതോടെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എം പ്രകാശൻ്റെ പേര് കൂടി ചർച്ചയിലേയ്ക്ക് വന്നത്. നേരത്തെ ടി വി രാജേഷിൻ്റെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉയ‍ർന്ന് കേട്ടിരുന്നു. എം വി ​ജയരാജൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിച്ചപ്പോൾ കണ്ണൂ‍ർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ടി വി രാജേഷിന് നൽകിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ടി വി രാജേഷ് നേതൃത്വത്തിന് പഴയത് പോലെ സ്വീകാര്യനല്ല. വിഭാഗീയത രൂക്ഷമായ പയ്യന്നൂരിൽ ഏരിയാ സെക്രട്ടറിയുടെ ചുമതല നൽകിയ ഘട്ടത്തിൽ ടി വി രാജേഷ് വിഷയത്തിൽ കൃത്യമായി ഇടപെട്ടില്ല എന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. ഇതാണ് ടി വി രാജേഷിന് വിനയായത്.

Content Highlights: CPIM to elect new district secretary in Kannur today

dot image
To advertise here,contact us
dot image