മന്ത്രി വരുമ്പോള്‍ മുനമ്പം ഉത്സവത്തിമിര്‍പ്പിലായിരുന്നു, എന്നാല്‍ ഒന്നും സംഭവിച്ചില്ല: സമരസമിതി ചെയര്‍മാന്‍

നാളെ മുനമ്പത്ത് അഭിഭാഷകനെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്നും ചെയർമാൻ റിപ്പോർട്ടറിനോട്

dot image

കൊച്ചി: കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സന്ദര്‍ശനം നടത്തുമ്പോള്‍ മുനമ്പം ഉത്സവത്തിമര്‍പ്പിലായിരുന്നുവെന്നും എന്നാല്‍ പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ലെന്നും മുനമ്പം സമരസമിതി ചെയര്‍മാന്‍ ജോസഫ് റോക്കി റിപ്പോര്‍ട്ടറിനോട്. 615 കുടുംബങ്ങള്‍ക്ക് റവന്യൂ അവകാശം നഷ്ടപ്പെട്ടിട്ട് മൂന്ന് വര്‍ഷവും മൂന്ന് മാസവുമായി. രണ്ട് വര്‍ഷവും ഏഴ് മാസവും സംസ്ഥാന സര്‍ക്കാരിന്റെ കൂടെയായിരുന്നു മുനമ്പത്തെ ജനങ്ങള്‍. സമരം ചെയ്യുകയോ വാക്കുകൊണ്ടോ സര്‍ക്കാരിനെ വേദനിപ്പിച്ചിട്ടില്ല. എന്നാല്‍ ഒരുകാര്യവും ഇല്ലെന്ന് വന്നതോടെയാണ് നിരാഹാരസമരം ഇരുന്നത്. ഇന്ന് തങ്ങള്‍ ഉത്സവത്തിമര്‍പ്പിലായിരുന്നു. ഞങ്ങളുടെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു. ഉദ്ദേശിച്ചത്ര വന്നില്ലെന്നും ജോസഫ് റോക്കി പറഞ്ഞു.

നാളെ മുനമ്പത്ത് അഭിഭാഷകനെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം വിളിച്ച് ചര്‍ച്ച ചെയ്യും. വഖഫ് ഭേദഗതി നിയമത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി എന്തെല്ലാമാണ് ഉള്ളതെന്ന് നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. എത്രയും പെട്ടെന്ന് റവന്യൂ അവകാശം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സമരസമിതിയില്‍ രാഷ്ട്രീയം നടത്താന്‍ സമ്മതിച്ചിട്ടില്ല. മതവല്‍ക്കരിക്കാന്‍ സമ്മതിക്കില്ല. ഒരു മുസ്ലീമിന് പോലും വിഷമം ഉണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലെന്നും ജോസഫ് റോക്കി പറഞ്ഞു.

മുനമ്പം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രിയില്‍ നിന്നും വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും മുനമ്പം സമരസമിതി രക്ഷാധികാരി ഫാദര്‍ ആന്റണി സേവ്യറും മാധ്യമങ്ങളോട് പ്രതികരിച്ചു. വഖഫ് നിയമത്തിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണെന്നും അതിനായി കുറച്ചുസമരം കൂടി അനുവദിക്കണമെന്നുമാണ് മന്ത്രി പറഞ്ഞതെന്നും ആന്റണി സേവ്യര്‍ പറഞ്ഞു.

മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അതിനായി സമയം എടുക്കുമെന്നുമാണ് മുനമ്പത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് അതിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ചട്ടങ്ങള്‍ കൊണ്ടുവരുന്നതിനും സംസ്ഥാനത്തിന് നിര്‍ദേശം കൊടുക്കാനും കേന്ദ്രസര്‍ക്കാരിന് കഴിയുകയുള്ളൂ. ഈ സാഹചര്യത്തില്‍ മുനമ്പത്തെ പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

Content Highlights: Munambam was in excitement when the minister arrived, but nothing happened said munambam committee

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us