
കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മഹാറാലി നാളെ വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നും സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. വഖഫ് നിയമ ഭേദഗതി നിയമത്തിനെതിരെ ലീഗ് സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
റാലിയുടെ ഭാഗമായുള്ള പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പഞ്ചാബ് പിസിസി പ്രസിഡന്റും ലോക്‌സഭാംഗവുമായ അമരീന്ദര്‍ സിംഗ് രാജാ വാറിങ് മുഖ്യാതിഥിയായി സമ്മേളനത്തില്‍ പങ്കെടുക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായി വാദിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമരീന്ദര്‍ സിംഗ് രാജാ വാറിങിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷന്‍ പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും. റാലിയുമായി ബന്ധപ്പെട്ട് നാളെ മൂന്ന് മണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Muslim League organize rally against the Waqf amendment Act