
കൊച്ചി: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണാ ടിയ്ക്കും ആശ്വാസം. കേസില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ രണ്ട് മാസത്തേക്ക് തുടര്‍നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
എസ്എഫ്ഐഒ റിപ്പോര്‍ട്ടിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസയച്ചു. എസ്എഫ്ഐഒ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ അഞ്ചാഴ്ചയ്ക്കകം മറുപടി നല്‍കണം. ഹര്‍ജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും.
എസ്എഫ്ഐഒ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കാന്‍ കോടതിക്ക് കഴിയുമെന്നും കമ്പനി നിയമത്തിലെ നടപടിക്രമം അനുസരിച്ചാണ് കേസെടുത്തതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ക്രിമിനല്‍ നടപടിക്രമം അനുസരിച്ചല്ല കോടതിയിലെ നടപടികള്‍ എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല.
പ്രതിചേര്‍ക്കപ്പെട്ടവരുടെ വാദം കേള്‍ക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തതെന്നായിരുന്നു ഹര്‍ജിയില്‍ സിഎംആര്‍എലിന്റെ വാദം.
പ്രതിപ്പട്ടികയിലുള്ളവരുടെ ഭാഗം വിചാരണക്കോടതി കേട്ടില്ല. ക്രിമിനല്‍ നടപടിക്രമത്തിന് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടി. അന്തിമ റിപ്പോര്‍ട്ട് നല്‍കില്ലെന്നായിരുന്നു എസ്എഫ്ഐഒ വാക്കാല്‍ നല്‍കിയ ഉറപ്പ്. ഈ ഉറപ്പ് ലംഘിച്ചാണ് എസ്എഫ്ഐഒ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതെന്നുമായിരുന്നു സിഎംആര്‍എലിന്റെ വാദം.
Content Highlights: CMRL Case No further action for two months said High Court