
തിരുവനന്തപുരം: 'പിഎം ശ്രീ' പദ്ധതിയില്‍ ചേരേണ്ടതില്ലെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിൻ്റെ മുഖപ്രസംഗം. കേന്ദ്രത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും അര്‍ഹമായ അവകാശങ്ങള്‍ കണക്ക് പറഞ്ഞ് വാങ്ങിയെടുക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കാത്തതിന്റെ പേരില്‍ സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്നും കേരളത്തിനു പുറമേ തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുളള വിഹിതവും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പിഎം ശ്രീ പദ്ധതിയില്‍ ചേരാന്‍ വിദ്യാഭ്യാസ വകുപ്പ് തിടുക്കം കാണിക്കുമ്പോഴാണ് ചേരേണ്ടതില്ലെന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നതെന്നും മുഖ പ്രസംഗം വ്യക്തമാക്കുന്നു.
എന്‍ഇപി (പുതിയ വിദ്യാഭ്യാസ നയം) നടപ്പാക്കുന്നത് സംബന്ധിച്ച കേരളമടക്കമുളള സംസ്ഥാനങ്ങളുടെ വിയോജിപ്പ് രാഷ്ട്രീയവും ആശയപരവും പ്രായോഗികവുമായ വസ്തുതകളെ അടിസ്ഥാനമാക്കിയുളളതാണ്. പാഠ്യപദ്ധതിയുടെ ഉളളടക്കം, അത് മുന്നോട്ടുവയ്ക്കുന്ന ലോകവീക്ഷണം, സംസ്ഥാനങ്ങള്‍ തമ്മില്‍ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന അന്തരം, അടിസ്ഥാന സൗകര്യങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിയോജിപ്പ് എന്നും മുഖ പ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതി പാര്‍ലമെന്റ് പാസാക്കിയതും 2010-ല്‍ നിലവില്‍ വന്നതുമായ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമാണ്. 2020-ല്‍ ഭരണനയത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ചതും തുടര്‍ന്ന് 2024-ല്‍ നവീകരിച്ചതുമായ എന്‍ഇപിയുടെയും അതിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയുടെയും പേരില്‍ സര്‍വ്വശിക്ഷാ അഭിയാന്‍ വിഹിതം മോദി സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ജിഎസ്ടി, തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിലെന്നതുപോലെ രാജ്യത്തിന് ഒട്ടാകെ ബാധകമാകുന്ന സ്‌കൂള്‍ വിദ്യാഭ്യാസ നയവും പദ്ധതികളും എന്നത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ നിഷേധവും വൈവിധ്യങ്ങളുടെ നിരാകരണവുമാണ്. കേരളമടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളും മികവും അവഗണിച്ച് ഈ രംഗത്തെ തുടര്‍വികാസത്തെയും വളര്‍ച്ചയെയും തടയാന്‍ മാത്രമേ മോദി സര്‍ക്കാരിന്റെ ദുശാഠ്യത്തിന് കഴിയൂ. അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ അര്‍ഹമായ അവകാശങ്ങള്‍ കണക്കുപറഞ്ഞ് വാങ്ങാന്‍ രാജ്യത്തിന്റെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും സംസ്ഥാനങ്ങള്‍ക്ക് അവസരം ഉറപ്പുനല്‍കുന്നുണ്ട് എന്നുപറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
Content Highlights: cpi mouthpiece janayugam editorial against pm shri scheme