
കാക്കനാട്: ഔദ്യോഗിക ചിഹ്നത്തിന് സമാനമായ ചിഹ്നമുള്ള വ്യാജ പരിവാഹൻ സൈറ്റ് വഴി വാഹന ഉമകൾക്ക് സന്ദേശം അയച്ച് വൻ തുക തട്ടിയതായി പരാതി. 5,000 രൂപ മുതൽ 98,500 രൂപ വരെ നഷ്ടപ്പെട്ട 20 പേരാണ് സൈബർ ക്രൈം പൊലീസിന് പരാതി നൽകിയിരിക്കുന്നത്. പട്ടിക ജാതി വകുപ്പ് റിട്ട. ഉദ്യോഗസ്ഥനും പുരോഗമന കലാ സാഹിത്യ സംഘം തൃക്കാക്കര ഏരിയാ പ്രസിഡന്റുമായ എൻജിഒ ക്വാർട്ടേഴ്സിൽ എൻ എച്ച് അൻവറിനാണ് 98,500 രൂപ നഷ്ടപ്പെട്ടത്.
ഗതാഗത നിയമം ലംഘിച്ച അൻവറിന്റെ കാർ കസ്റ്റഡിയിലാണെന്നും 1000രൂപ പിഴ അടച്ചാലേ വിട്ടു തരാനാകൂ എന്നായിരുന്നു പരിവാഹൻ സൈറ്റിൽ നിന്ന് രാത്രി 12 ന് വാട്സ്ആപ്പിൽ ലഭിച്ച സന്ദേശം. മകൻ കാറിൽ വിനോദയാത്ര പോയിരുന്നിതിനാൽ സന്ദേശം വിശ്വസിച്ച അൻവർ കൂടുതൽ വിവരങ്ങളറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു. തുടർന്ന് ഫോണിലേക്ക് ഒട്ടേറെ സന്ദേശങ്ങളും വിളികളുമെത്തി.
പിന്നീടാണ് മൂന്ന് തവണകളിലായി 50,000 രൂപ , 45,000 രൂപ, 3500 രൂപ എന്നിങ്ങനെ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി സന്ദേശമെത്തിയത്. രാവിലെ ബാങ്കിലെത്തി തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ശേഷം സൈബർ ക്രൈം പൊലീസിന് പിന്നീട് പരാതി നൽകുകയായിരുന്നു.
Content Highlights:Fake parivahan site; People who lost money filed complaints