
കണ്ണൂർ: ദിവ്യ എസ് അയ്യർ തന്നെ കുറിച്ച് നല്ല വാക്ക് പറഞ്ഞിനാണ് ഇപ്പോൾ അധിക്ഷേപത്തിന് വിധേയമായിരിക്കുന്നതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെയാണോ പെരുമാറേണ്ടത് അതുപോലെ തികച്ചും പ്രൊഫഷണലായിട്ടാണ് താൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതല നിർവഹിച്ച് കൊണ്ടിരുന്നത് എന്നും കെ കെ രാഗേഷ് വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിൽ മന്ത്രി ഓഫീസുകളുമായും സർക്കാരിന്റെ ഭാഗമായിട്ടുള്ള സെക്രട്ടറിമാരും വിവിധ ഐഎഎസ് ഉദ്യോഗസ്ഥരുമായും പല കാര്യങ്ങളിലും ചർച്ചകൾ നടത്താറുണ്ട്. അതിന്റെ ഫലമായി ഓരോരുത്തർക്കും ഓരോരുത്തരെ കുറിച്ചും ധാരണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആ ധാരണയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ പ്രവത്തനത്തെ കുറിച്ച് നല്ല വാക്ക് പറഞ്ഞപ്പോൾ അത് മറ്റുള്ളവരെ ഇത്രയധികം പ്രകോപിപ്പിച്ചത് തനിക്ക് അത്ഭുതം ആയിപ്പോയെന്നും കെ കെ രാഗേഷ് പറഞ്ഞു.
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച് ദിവ്യ എസ് അയ്യർ ഐഎഎസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുമ്പോഴാണ് വിഷയത്തിൽ പ്രതികരണവുമായി കെ കെ രാഗേഷ് രംഗത്തെത്തുന്നത്.
Content Highlights: KK Ragesh says the controversy against Divya is unnecessary