'ഇങ്ങനെ വിട്ടാല്‍ മറ്റൊരു അഫാന്‍ കൂടി ഉണ്ടാവും'; ലഹരിക്കടിമയായ മകനെ ഭയന്ന് റിപ്പോർട്ടർ ഓഫീസിൽ അഭയം തേടി മാതാവ്

മൂന്ന് തവണ കാക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടും സഹായിച്ചില്ലെന്നും മാതാവ് ആരോപിച്ചു

dot image

കോഴിക്കോട്: ലഹരിക്കടിമയായ മകനെ ഭയന്ന് റിപ്പോര്‍ട്ടര്‍ ടി വി കോഴിക്കോട് ബ്യൂറോ ഓഫീസില്‍ അഭയം തേടി മാതാവ്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മാതാവ് റിപ്പോർട്ടർ ഓഫീസില്‍ എത്തിയത്. മകനെ ഡീഅഡിക്ഷന്‍ സെന്ററില്‍ എത്തിക്കാന്‍ സഹായിക്കണം എന്നായിരുന്നു ആവശ്യം. മൂന്ന് തവണ കാക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടും സഹായിച്ചില്ലെന്നും അവർ ആരോപിച്ചു.

'25 വയസ്സുള്ള മകനാണ്. ലഹരി ഉപയോഗത്തെ തുടര്‍ന്ന് ഡീഅഡിക്ഷന്‍ സെന്ററില്‍ എത്തിച്ച് മെഡിസിന്‍ കഴിക്കുന്നുണ്ടായിരുന്നു. കുറേക്കാലമായി ബുദ്ധിമുട്ട് ഒന്നുമില്ല. നേരത്തെ പലതരത്തിലുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നു. ഈയിടെ മദ്യം മാത്രമാണ് ഉപയോഗിക്കുന്നത്. മെഡിസില്‍ കഴിക്കുന്നതിനിടെ മദ്യപാനം ഉണ്ടായിരുന്നു', മാതാവ് റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി.

തന്നെ കൂടാതെ മകന്റെ ഭാര്യ, കുഞ്ഞ്, ഭര്‍ത്താവിന്റെ ഉമ്മ എന്നിവരാണ് വീട്ടിലുള്ളത്. കഴിഞ്ഞ ദിവസം മകന്‍ അക്രമാവസക്തനാവുകയും വീടിന്റെ ജനല്‍ അടക്കം തകര്‍ക്കുന്ന സ്ഥിതിയുമുണ്ടായി. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ കാക്കൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസുകാര്‍ എത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇന്നലെ മൂന്ന് തവണ പൊലീസ് സ്റ്റേഷനില്‍ പോയി. ഡീ അഡിക്ഷന്‍ സെന്ററില്‍ മകനെ എത്തിക്കുന്നതിനായാണ് പൊലീസ് സഹായം തേടിയത്. എന്നാല്‍ പരാതി വാങ്ങാന്‍ പൊലീസ് കൂട്ടാക്കിയിരുന്നില്ല. മകന്‍ നാട്ടിലുണ്ടെന്നും പൊലീസിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പൊലീസിനെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഈ വീഡിയോ തന്റെ ഫോണില്‍ കണ്ടതോടെയാണ് മകന്‍ അക്രമാസക്തനായതെന്നും മാതാവ് വിശദീകരിച്ചു.

'മകനെ ഭയന്നാണ് ഇന്നലെ വീടുവിട്ടിറങ്ങിയത്. മകനെ മാറ്റിയെടുക്കണം. ഡീ അഡിക്ഷന്‍ സെന്ററില്‍ എത്തിക്കണം. സ്വയം പോകില്ല. ഇനി ഇങ്ങനെ വിട്ടാല്‍ അവന്‍ മറ്റൊരു അഫാന്‍ ആയി മാറും. കത്തിയൊക്കെ കെയ്യില്‍ എടുക്കുന്നുണ്ടായിരുന്നു. മകനും 85 വയസ്സായ ഉമ്മയും മാത്രമാണ് നിലവില്‍ വീട്ടിലുള്ളത്. മകന്റെ ഭാര്യയെയും കുഞ്ഞിനെയും അവരുടെ വീട്ടിലേക്ക് അയച്ചിരിക്കുകയാണ്' എന്നും ഉമ്മ കൂട്ടിച്ചേര്‍ത്തു.

സംഭവം റിപ്പോര്‍ട്ടര്‍ ടി വി കോഴിക്കോട് കോര്‍പ്പറേഷനെ അറിയിച്ചിട്ടുണ്ട്. മേയര്‍ ബീനാ ഫിലിപ്പുമായി റിപ്പോര്‍ട്ടര്‍ ടി വി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ തത്സമയം സംസാരിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് സംഭവത്തിന്റെ വിശ്വസനീയത പരിശോധിച്ച ശേഷം ഇടപെടുമെന്ന് മേയര്‍ ബീന ഫിലിപ്പ് റിപ്പോര്‍ട്ടറിലൂടെ ഉറപ്പ് നല്‍കി.

Content Highlights: Mother seeks refuge in reporter T V Kozhikode office fearing drug-addicted son

dot image
To advertise here,contact us
dot image