'സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്ക്'; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്

തന്റെയുളളില്‍ തിരിച്ചറിവിന്റെ പ്രകാശം പരന്നെന്നും സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്കാണെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

dot image

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. തന്റെയുളളില്‍ തിരിച്ചറിവിന്റെ പ്രകാശം പരന്നെന്നും സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്കാണെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അച്ചടക്ക നടപടിയില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് അപേക്ഷിച്ചിട്ട് 6 മാസമാവുകയാണെന്നും താന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ് റിക്കോര്‍ഡിംഗും സ്ട്രീമിംഗുമുള്‍പ്പെടെ സുതാര്യമായ ഹിയറിംഗിന് അപേക്ഷിച്ചതെന്നും എന്‍ പ്രശാന്ത് പറഞ്ഞു. ആദ്യം അത് അനുവദിച്ചെങ്കിലും പിന്നീട് സാധ്യമല്ലെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെ ലഭിച്ചെന്നും ആറ് മാസത്തിനുശേഷമാണെങ്കിലും തന്നെ കേള്‍ക്കാന്‍ സന്മനസുണ്ടായത് തന്നെ വല്യ കാര്യമെന്നും പ്രശാന്ത് പരിഹസിച്ചു.


ഇതേവിഷയം താനിനി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ കൊണ്ടുപോയാല്‍ അവിടെ നടപടികള്‍ സുതാര്യമായി കാണാം. ഓപ്പണ്‍ കോര്‍ട്ട് ആണ്. ഇതേ കേസ് ഹൈക്കോടതിയില്‍ കൊണ്ടുപോയാല്‍ അവിടെയും ലൈവായി കാണാം. സുപ്രീംകോടതിയില്‍ കേസെത്തിയാല്‍ അവിടെയും സുതാര്യമായി നടപടികള്‍ ആര്‍ക്കും കാണാം. എന്റെ ഉളളില്‍ പ്രകാശം പരന്നു. തിരിച്ചറിവ് വന്നു. SC യെക്കാള്‍ പവര്‍ CS നാണ്': എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.


പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് 'ഉന്നതി' സിഇഒ ആയിരുന്ന കാലത്ത് വരുത്തിയ ഗുരുതര വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അവധിയെടുക്കുന്നതില്‍ പ്രശാന്ത് കൃത്രിമത്വം കാട്ടിയെന്നും ഐഎഎസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണനെ ഉന്നതി സിഇഒ ആയി നിയമിച്ചപ്പോള്‍ ചുമതലയും രേഖകളും കൈമാറാന്‍ പ്രശാന്ത് വിസമ്മതിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് മാടമ്പളളിയിലെ യഥാര്‍ത്ഥ ചിത്തരോഗിയെന്ന അടിക്കുറിപ്പോടെ പ്രശാന്ത് ജയതിലകിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു. നവംബറില്‍ പ്രശാന്തിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി കത്തയച്ചു. നവംബര്‍ 11-ന് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തു.

Content Highlights: n prashanth ias facebook post against chief secretary

dot image
To advertise here,contact us
dot image