
തിരുവനന്തപുരം : ദിവ്യ എസ് അയ്യർ ഐഎഎസിന് പിന്തുണയുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്ന ആക്രമണം ശബരിനാഥിനെ ലക്ഷ്യം വെച്ച് ഷാഫി-മാങ്കൂട്ടം ടീം നടത്തുന്ന നീക്കമാണെന്ന് വി കെ സനോജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. കെ കെ രാഗേഷിന്റെ രാഷ്ട്രീയ പ്രവർത്തനത്തെ അല്ല ദിവ്യ അഭിനന്ദിച്ചതെന്നും മറിച്ച് അദ്ദേഹം ഇന്നലെ വരെ ചെയ്ത നല്ല പ്രവർത്തനത്തെ മാത്രമാണ് അഭിനന്ദിച്ചതെന്നും വി കെ സനോജ് വ്യക്തമാക്കി.
ഭരണരംഗത്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അടുത്ത് പരിചയമുള്ള രണ്ടാളുകളാണ് ദിവ്യ എസ് അയ്യറും കെ കെ രാഗേഷും. പുതിയ ചുമതലയിലേക്ക് പോകുന്ന തന്റെ സഹപ്രവർത്തകനിൽ കണ്ട പ്രൊഫഷണലിസത്തേയും ആത്മാർത്ഥതയെയും മാത്രമാണ് ദിവ്യ അഭിനന്ദിച്ചതെന്നും അതിൽ അസഹിഷ്ണുത വേണ്ടെന്നും വി കെ സനോജ് ഫേസ്ബുക്കിലെ കുറിപ്പിൽ വ്യക്തമാക്കുന്നു. യൂത്ത് കോൺഗ്രസ് വ്യാജ അദ്ധ്യക്ഷൻ മുതൽ മുഖമുള്ളവരും മുഖമില്ലാത്തവരുമായ സകല കുഞ്ഞച്ചൻമാരും അഭിപ്രായം പറഞ്ഞതിൽ ആൾക്കൂട്ട ആക്രമണം നടത്തുന്നു എന്നും കുറിപ്പിൽ വിമർശിച്ചു.
കേരളത്തിലെ മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെയോ കുറിച്ച് നല്ല വാക്ക് പറയാൻ പാടില്ലേ എന്നും വി കെ സനോജ് ചോദിക്കുന്നു. ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്ന ഹീന പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വി കെ സനോജ് ആവശ്യപ്പെട്ടു.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുളള ദിവ്യ എസ് അയ്യരുടെ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉയരുന്നത്. അതേ സമയം സിപിഐഎം നേതാക്കൾ ദിവ്യയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചും രംഗത്ത് എത്തിയിരുന്നു. കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം' എന്ന് കുറിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയും കെ കെ രാഗേഷും നിൽക്കുന്ന ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ ദിവ്യ പങ്കുവെച്ചത്.
താൻ നിരവധി ഗുണങ്ങൾ രാഗേഷിൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒപ്പിയെടുത്തിട്ടുണ്ടെന്നും ദിവ്യ എസ് അയ്യർ പറയുന്നു. വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ എസ് അയ്യർ കുറിപ്പിൽ പറഞ്ഞിരുന്നു. തുടർന്ന് ഐ എ എസ് പദവിയിലിരിക്കുന്ന ദിവ്യ ഇത്തരത്തിലൊരു പോസ്റ്റിട്ടതിലെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നത്.
വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
ഭരണരംഗത്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അടുത്ത് പരിചയമുള്ള രണ്ടാളുകൾ. അതിലൊരാൾ തന്റെ ദൗത്യത്തിൽ നിന്ന് മാറി മറ്റൊരു ചുമതലയിലേയ്ക്ക് പോകുന്നു. അയാളിൽ താൻ കണ്ടറിഞ്ഞ പ്രൊഫഷണലിസത്തേയും ആത്മാർത്ഥതയെയും അഭിനന്ദിച്ച് മറ്റേയാൾ രണ്ട് നല്ല വാക്ക് പറയുന്നു.
ഓർക്കണം, എക്‌സിക്യുട്ടീവിന്റെ ഭാഗമായി കെ.കെ.ആർ. ഇന്നലെ വരെ ചെയ്ത പ്രവർത്തനത്തെ മാത്രമാണ് ആ ഐ.എ.എസ്. ഓഫീസർ അഭിനന്ദിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തെ അല്ല.
സ്വാഭാവികമായും ആ അർത്ഥത്തിൽ കാണേണ്ട ഒന്നാണത് ദിവ്യയുടെ പോസ്റ്റ്. എന്നാൽ ഈയൊരു അഭിനന്ദനത്തിന്റെ പേരിൽ ദിവ്യ എസ് അയ്യർ സോഷ്യൽ മീഡിയയിൽ ആൾക്കൂട്ട ആക്രമണം നേരിടുകയാണ്. യൂത്ത് കോൺഗ്രസ് വ്യാജ അദ്ധ്യക്ഷൻ മുതൽ മുഖമുള്ളവരും മുഖമില്ലാത്തവരുമായ സകല കുഞ്ഞച്ചൻമാരും ഈ ആൾക്കൂട്ടത്തിലുണ്ട്.
കേരളത്തിലെ മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെയോ കുറിച്ച് നല്ല വാക്ക് പറയാൻ പാടില്ലല്ലോ!
കെ.കെ. രാഗേഷ് സി. പി. ഐ. (എം) നേതാവാണ്. പോരാത്തതിന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആളുമാണ്. അസഹിഷ്ണുതയ്ക്ക് ഇനി വേറെ കാരണം വേണോ?
ഇത് കിട്ടിയ അവസരമായി കണ്ട്
ശബരിനാഥിനെ കൂടി ലക്ഷ്യം വച്ച് ഷാഫി മാങ്കൂട്ടം ടീം നടത്തുന്ന
നീക്കം കൂടിയാണ് ഇതെന്ന് ആർക്കാണ് മനസിലാവാത്തത്.
ദിവ്യ എസ് അയ്യർക്കെതിരെനടക്കുന്ന ഹീന പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
വി കെ സനോജ്
content highlights : v k sanoj supports divya s iyer ias