'ഷൈനിനെ വേട്ടയാടുന്നു, വിൻ സിയും കുടുംബവുമായി ചെറുപ്പം മുതലേ ബന്ധം'; വെളിപ്പെടുത്തലുമായി ഷൈൻ്റെ കുടുംബം

വിവാദങ്ങൾ ഉണ്ടായ ശേഷം ഷൈനുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലായെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും കുടുംബം വെളിപ്പെടുത്തി

dot image

തൃശൂർ: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻ സി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഷൈനിൻ്റെ കുടുംബം. ഷൈൻ ടോം ചാക്കോയെ പത്തുകൊല്ലമായി വേട്ടയാടുകയാണെന്നാണ് കുടുംബത്തിൻ്റെ പ്രതികരണം.

പത്ത് വർഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണ്. വിൻ സിയുമായും വിൻ സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഇരു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരുവരും. നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻ സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ പരാതിയുമായി എത്തുന്നത് എന്താണെന്ന് തങ്ങൾക്ക് അറിയില്ലായെന്നും ഷൈനിൻ്റെ കുടുംബം പറയുന്നു.

വിവാദങ്ങൾ ഉണ്ടായ ശേഷം ഷൈനുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലായെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും കുടുംബം വെളിപ്പെടുത്തി. വിഷയത്തെ പറ്റി ക്യാമറയ്ക്ക് മുൻപിൽ സംസാരിക്കാൻ താത്പര്യമില്ലായെന്നും കുടുംബം അറിയിച്ചു.

അതേസമയം ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വിന്‍ സി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്റെ പേര് വിന്‍ സി വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷൈന്‍ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിവാദങ്ങള്‍ക്കിടയില്‍ ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയ ദൃശ്യങ്ങളും പുറത്ത് വന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഇറങ്ങി ഓടിയത്.

കൊക്കെയ്ൻ കേസില്‍ ഷൈന്‍ ടോം ചാക്കോയെ ഈയിടെയാണ് കോടതി വെറുതെ വിട്ടത്. അതിനിടെയാണ് സമാനസംഭവം. കൊച്ചി കടവന്ത്രയില്‍ നടത്തിയ റെയ്ഡില്‍ ആയിരുന്നു കൊക്കൈനുമായി ഷൈനും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30 നായിരുന്നു സംഭവം. കേസില്‍ ഷൈന്‍ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.

Content Highlights- 'Shine is being hunted, he has been in a relationship with Vinci and his family since childhood'; Shine's family reveals

dot image
To advertise here,contact us
dot image