'കേന്ദ്രമന്ത്രി മുനമ്പത്ത് വന്നല്ലോ, മുഖ്യമന്ത്രിക്ക് മുനമ്പം വരെ പോകാൻ പറ്റുമോ?'; കുമ്മനം രാജശേഖരൻ

'മുനമ്പത്തെ ജനങ്ങളുടെ വിഷയം മുഖ്യമന്ത്രി എന്തുകൊണ്ട് സംസാരിക്കുന്നില്ല'

dot image

പത്തനംതിട്ട: മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കേന്ദ്ര നിയമ വകുപ്പ് മന്ത്രി വരെ മുനമ്പത്ത് വന്നല്ലോ എന്നാൽ മുഖ്യമന്ത്രിക്ക് മുനമ്പം വരെ പോകാൻ പറ്റുമോയെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു.

മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് മുനമ്പത്ത് വന്നുകൂടാ. മുനമ്പത്തെ ജനങ്ങളുടെ വിഷയം മുഖ്യമന്ത്രി എന്തുകൊണ്ട് സംസാരിക്കുന്നില്ല. മുനമ്പം ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് സഭകൾ എൽഡിഎഫ് യുഡിഎഫ് എംപി മാരോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ക്രൈസ്ത വിഭാഗത്തിൻ്റെ താൽപ്പര്യം ധ്വംസിച്ചത് എൽഡിഎഫും യുഡിഎഫുമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

അതേ സമയം, മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണം വെറും ആത്മഹത്യ ആയി എഴുതിത്തള്ളാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. കേസിൽ സിബിഐ അന്വേഷണം അനിവാര്യമാണ്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ട്. സിപിഎമ്മിന്റെ ഉന്നത തലങ്ങളിൽ വലിയ ഗൂഢാലോചന നടന്നു. നവീൻ ബാബുവിൻ്റേത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്. എന്നാൽ മരണവുമായി ബന്ധപ്പെട്ടുള്ള പലരേയും പോലീസ് ചോദ്യം ചെയ്യുന്നില്ല. നവീൻ ബാബുവിന്റെ ഡ്രൈവറെ ചോദ്യം ചെയ്തിട്ടില്ല. കണ്ണൂരിലെ സിപിഎം നേതാക്കളുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ മറ നീക്കി പുറത്തു കൊണ്ടുവരണം. സിബിഐ അന്വേഷണം വന്നാൽ ഇതെല്ലാം പുറത്തു വരുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനെ മുനമ്പത്ത് എത്തിച്ചെങ്കിലും വാര്‍ത്താ സമ്മേളനത്തിലൂടെ ആ രാഷ്ട്രീയവും പൊളിഞ്ഞെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുനമ്പം ജനതയ്ക്ക് വഖഫിലൂടെ മാത്രം നീതി ലഭിക്കില്ലെന്ന് കിരണ്‍ റിജിജു തന്നെ പറഞ്ഞെന്നും പ്രശ്‌ന പരിഹാരത്തിന് സുപ്രീം കോടതിയില്‍ നിയമ പോരാട്ടം തുടരാനാണ് കേന്ദ്ര മന്ത്രിയുടെ നിര്‍ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാസാക്കിയ സവിശേഷ സാഹചര്യം മുതലാക്കി ദുഷ്ടലാക്കോടെയുള്ള ലാഭം കൊയ്യാനുള്ള നീക്കമാണ് ബിജെപി നടത്തിയതെന്നും ഇവിടെ അതിന് പിന്തുണ നല്‍കുന്ന വാക്കുകളാണ് പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ നിലപാടിനെതിരെയും അദ്ദേഹം പ്രതികരിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗിന്റെ നിലപാട് ഇരട്ടത്താപ്പിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights- 'The Union Minister has come to Munambam, can the Chief Minister go all the way to Munambam?'; Kummanam Rajasekharan

dot image
To advertise here,contact us
dot image