രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ബിജെപി ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

dot image

പാലക്കാട്: കൊലവിളി പ്രസംഗത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ കൊലവിളി പ്രസംഗത്തിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. ബിജെപി ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.

ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്ന് ഇന്ന് ഓമനക്കുട്ടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷാണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം എംഎല്‍എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധത്തിനിടയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഓമനക്കുട്ടന്റെ ഭീഷണി പ്രസംഗം.

അതേസമയം പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പാലക്കാട് വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം പൂര്‍ത്തിയായതായി ഡിവൈഎസ്പി കൃഷ്ണദാസ് വി എ പറഞ്ഞു. പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് മാര്‍ച്ചും, വ്യക്തി അധിഷ്ഠിതമായ പ്രകോപനപരമായ പ്രസംഗങ്ങളും ഒഴിവാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ പൊലീസ് ആവശ്യപ്പെട്ടു. പങ്കെടുത്ത പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യം അംഗീകരിച്ചെന്നും കോണ്‍ഗ്രസ് പ്രതിനിധിയും അനുകൂല പ്രതികരണം നടത്തിയെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

Content Highlights: Threat against Rahul Mamkoottathil Police take case against BJP workers

dot image
To advertise here,contact us
dot image