ഷൈനൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കും: എ എ റഹീം എം പി

'കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അക്കാര്യത്തില്‍ കൃത്യമായ നിലപാടാണ് സ്വീകരിക്കുന്നത്'

dot image

ഡല്‍ഹി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രതികരിച്ച് എ എ റഹീം എം പി. ഷൈന്‍ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കുമെന്ന് എ എ റഹീം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോടായിരുന്നു എ എ റഹീം എംപിയുടെ പ്രതികരണം.

മുന്‍പൊക്കെ സെലബ്രിറ്റി സ്റ്റാറ്റസിന് ഫാന്‍സ് അസോസിയേഷന്റെ പിന്തുണയുണ്ടായിരുന്നു. അതിന്റെ മറവില്‍ എന്ത് ക്രിമിനല്‍ കുറ്റം ചെയ്താലും ജയിലില്‍ പോകില്ലെന്നുള്ള ധൈര്യമുണ്ടായിരുന്നു. ആധൈര്യമെല്ലാം കഴിഞ്ഞുപോയ കാര്യം ഷൈന്‍ ടോം ചോക്കോയ്ക്ക് നേരം വെളുക്കാത്തതുകൊണ്ടോ ഇപ്പോഴും മയക്കത്തിലായതുകൊണ്ടോ അറിയാത്തതാണെന്നും എ എ റഹീം എം പി പറഞ്ഞു.

സിനിമയുടേയും സെലിബ്രിറ്റി സ്റ്റാറ്റസിന്റേയും മറവില്‍ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താമെന്നുള്ള കാലം കഴിഞ്ഞു. കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അക്കാര്യത്തില്‍ കൃത്യമായ നിലപാടാണ് സ്വീകരിക്കുന്നത്. ഷൈൻ ടോം വിഷയത്തിൽ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ നിലപാടെന്താണെന്നും എ എ റഹീം ചോദിച്ചു. ഒരു നടിക്ക് ഇത് പറയേണ്ടിവന്നു എന്ന് പറയുന്നതുതന്നെ ശരിയല്ല. അല്ലെങ്കില്‍ വിന്‍ സി ഇത് പറയുന്നതുവരെ നോക്കിയിരിക്കേണ്ട കാര്യമുണ്ടോ എന്നും എ എ റഹീം ചോദിച്ചു. മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ആരൊക്കെ എന്നത് സംവിധായകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അറിയില്ലേ? അവര്‍ എന്തുകൊണ്ട് ഇതേപ്പറ്റി പറയുന്നില്ല. ഒരു ഇര വന്ന് ഇത് വെളിപ്പെടുത്തണമെന്ന അവസ്ഥയാണെന്നും എ എ റഹീം എം പി കൂട്ടിച്ചേർത്തു.

Content Highlights- A A Rahim MP on shine tom chacko drug issue

dot image
To advertise here,contact us
dot image