'കൂടിക്കാഴ്ച യാദൃശ്ചികം, സ്ഥാനാർത്ഥി സാധ്യത ചർച്ചയായി'; എ പി അനിൽകുമാറിനെ കണ്ടതിൽ പ്രതികരണവുമായി പി വി അൻവർ

തീരുമാനം എടുക്കേണ്ടത് കോൺ​ഗ്രസ് നേതൃത്വമാണെന്നും അൻവർ വ്യക്തമാക്കി

dot image

മലപ്പുറം: കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം എ പി അനിൽകുമാറുമായി നടന്ന കൂടിക്കാഴ്ച യാദൃശ്ചികമെന്ന് പി വി അൻവർ. വി എസ് ജോയ്‌യുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് നേരത്തെ മലപ്പുറം ​ഗസ്റ്റ് ഹൗസിൽ എ പി അനിൽകുമാറും പി വി അൻവറും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ റോളില്ലായെന്നായിരുന്നു എ പി അനിൽകുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പി വി അൻവറിൻ്റെ പ്രതികരണം. കൂടിക്കാഴ്ചയിൽ സ്ഥാനാർഥി സാധ്യതകൾ സ്വാഭാവികമായും ചർച്ചയായെന്നും അൻവർ വ്യക്തമാക്കി. മുൻപ് ഡിമാൻഡ് റിക്വസ്റ്റ് നൽകിയിരുന്നുവെന്നും ആ റിക്വസ്റ്റും ഈ കൂട്ടത്തിൽ അവർ പരിഗണിക്കുന്നുണ്ടാകണമെന്നും അൻവർ ചൂണ്ടിക്കാണിച്ചു. തീരുമാനം എടുക്കേണ്ടത് കോൺ​ഗ്രസ് നേതൃത്വമാണെന്നും അൻവർ കൂട്ടിച്ചേർത്തു.

യുഡിഫിന് ആശങ്കയ്ക്ക് വകയില്ലെന്നും അൻവറുമായുള്ള കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നുവെന്നും കോൺ​ഗ്രസ് നേതാവ് എ പി അനിൽകുമാർ പ്രതികരിച്ചു. സ്ഥാനാർത്ഥി നിർണയം പൂർണമായും നേതൃത്വമാണ് തീരുമാനിക്കുന്നത്. സിപിഐഎമ്മിന് ഇതുവരെ പേരുപോലും പറയാൻ ആളില്ല. യുഡിഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അൻവറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഫ് സംസ്ഥാന കമ്മറ്റി തീരുമാനിക്കുമെന്നും അനിൽകുമാർ വ്യക്തമാക്കി.

നേരത്തെ ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്‌യുടെ പേര് നിലമ്പൂരിൽ നിന്ന് പി വി അൻവർ നിർദ്ദേശിച്ചിരുന്നു. നിലവില്‍ ആര്യാടന്‍ ഷൗക്കത്തിന്റെയും വി എസ് ജോയ്‌യുടെയും പേരുകളാണ് നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ആര്യാടന്‍ ഷൗക്കത്ത്. എന്നാല്‍ വി എസ് ജോയ്‌യെ മത്സരിപ്പിക്കണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ താല്‍പ്പര്യം.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ്‌ നേതൃത്വം എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്ന് നേരത്തെ വി എസ് ജോയ് റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. സ്വന്തം നാട്ടിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടാകാം, ഇല്ലാതിരിക്കാം. ആഗ്രഹങ്ങൾക്ക് അതിരുവെച്ചിട്ടുള്ളത് കോൺഗ്രസ് നേതൃത്വമാണെന്നും വി എസ് ജോയ് വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പിൽ ഒന്നിലധികം സ്ഥാനാർത്ഥികളുടെ പേര് വരുന്നത് കോൺഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും വി എസ് ജോയ് പറഞ്ഞിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഒരു തർക്കവുമില്ല. ഹൈക്കമാൻഡ് തീരുമാനിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും വി എസ് ജോയ് വ്യക്തമാക്കിയിരുന്നു. നിലമ്പൂരിൽ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും തങ്ങളുടെ പരിധിയിൽ നിൽക്കുന്ന കാര്യമല്ല സ്ഥാനാർത്ഥി പ്രഖ്യാപനമെന്നും വി എസ് ജോയ് വ്യക്തമാക്കിയിരുന്നു.

Content Highlights: PV Anwar reacts to meeting AP Anilkumar

dot image
To advertise here,contact us
dot image