വിന്‍ സിയുടെ പരാതി ഗൗരവമുള്ളത്; സിനിമയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെന്ന് സജി ചെറിയാന്‍

നടിയുടെ സമീപനം അഭിനന്ദാര്‍ഹമാണെന്നും മന്ത്രി

dot image

തിരുവനന്തപുരം: നടി വിന്‍ സി അലോഷ്യസിൻ്റെ പരാതി ഗൗരവമുള്ളതെന്ന് സിനിമാ മന്ത്രി സജി ചെറിയാന്‍. വിന്‍ സിയുടെ പരാതി അന്വേഷിക്കുമെന്നും സിനിമയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. നടിയുടെ സമീപനം അഭിനന്ദാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലഹരി ഉപയോഗത്തിന് എതിരെ ശക്തമായ പ്രതിരോധം സിനിമ മേഖലയില്‍ നിന്നും ഉണ്ടാകണം. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ല. സിനിമാ കോണ്‍ക്ലേവില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഷൈന്‍ ടോം ചാക്കോയ്ക്ക് പൊലീസ് ഇന്ന് നോട്ടീസ് നല്‍കും.

ഷൈൻ്റെ വീട്ടിലെത്തിയാവും നോട്ടീസ് നല്‍കുക. ചോദ്യം ചെയ്യലിന് ഉടന്‍ ഹാജരാകണമെന്ന് ആവശ്യപ്പെടും. ഷൈനെ തേടി തമിഴ്‌നാട്ടിലേക്ക് പോകേണ്ട കാര്യമില്ലെന്നും കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ ഇന്നലെ രാത്രി പൊള്ളാച്ചിയില്‍ എത്തിയതായാണ് വിവരം. നടന്‍ തമിഴ്‌നാട്ടിലാണെന്നാണ് ഷൈന്‍ ടോം ചാക്കോയുടെ ടവര്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു. പ്രതിയല്ലാത്തതിനാല്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്.

നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരില്‍ ഡാന്‍സാഫ് സംഘം എത്തിയത്. ഇയാള്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഡാന്‍സാഫ് സംഘം അകത്തുകയറിയത്. റൂം സര്‍വീസെന്ന് പറഞ്ഞാണ് ഡാന്‍സാഫ് ടീം റൂമില്‍ ബെല്ലടിച്ചത്. ഇവിടെ സര്‍വീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈന്‍ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. ഷൈന്‍ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

Content Highlights: Saji Cherian reaction about Win c aloshious complaint against Shine Tom Chacko

dot image
To advertise here,contact us
dot image