ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും; കേസ് വെറും ഓലപ്പാമ്പെന്ന് പിതാവ് ചാക്കോ

ഷൈനിന്റെ തൃശൂരുള്ള വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്

dot image

കൊച്ചി: കൊച്ചി കലൂരിലെ വേദാന്ത ഹോട്ടലിൽ ഡാൻസാഫ് ടീം പരിശോധനയ്ക്ക് എത്തിയതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്. നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എന്നാൽ മകൻ യാത്രയിലായതിനാൽ ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടി പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് പിതാവ് മറുപടി നൽകി.

സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്യുക. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്‍റെ പിതാവ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും പിതാവ് പ്രതികരിച്ചു.

ദയവ് ചെയ്ത് ഞങ്ങളെ ദ്രോഹിക്കരുത് എന്ന് ഷൈൻ ടോം ചാക്കോയുടെ മാതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, കലൂരിലെ വേദാന്ത ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതവരുത്താനാണ് പൊലീസിന്റെ നീക്കം. നിലവിൽ ഷൈനെ ഒരു കേസിലും പ്രതി ചേർത്തിട്ടില്ല. അഡ്വ രാമൻ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകൻ.

അതേ സമയം ഷൈൻ ടോം ചാക്കോ ഇന്നലെ രാത്രി പൊള്ളാച്ചിയിൽ എത്തിയതായാണ് വിവരം. നടൻ തമിഴ്നാട്ടിലാണെന്നാണ് ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്.

നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരിൽ ഡാൻസാഫ് സംഘം എത്തിയത്. ഇയാൾ നടൻ ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഡാൻസാഫ് സംഘം അകത്തുകയറിയത്. റൂം സർവീസെന്ന് പറഞ്ഞാണ് ഡാൻസാഫ് ടീം റൂമിൽ ബെല്ലടിച്ചത്. ഇവിടെ സർവീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈൻ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.

അതേസമയം, ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഇതിൽ ഒരാളുമായി ഷൈനിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി. ഷൈൻ ആഡംബര ഹോട്ടലിലേക്ക് ബൈക്കിലാണ് എത്തിയത്. ബൈക്ക് പുറത്ത് നിർത്തിയ ശേഷം ഉള്ളിലേക്ക് നടന്ന് കയറി. ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ശേഷം ഓൺലൈൻ ടാക്സിയിൽ കടന്നു കളയുകയായിരുന്നു. ഷൈനിനെ ആഡംബര ഹോട്ടലിൽ എത്തിച്ച ബൈക്ക് യാത്രികനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അതേ സമയം നടന്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഐസിക്ക് മുമ്പില്‍ ഹാജരാകുമെന്ന് പിതാവ് ചാക്കോ റിപ്പോര്‍ട്ടറിനോട് രാവിലെ വെളിപ്പെടുത്തിയിരുന്നു. എഎംഎംഎ സംഘടനയില്‍ നിന്നും വിനു മോഹന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടി വിന്‍ സിയുടെ പരാതിയില്‍ വിശദീകരണം തേടിയിരുന്നുവെന്നും ഷൈന്‍ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണവുമായി സഹകരിക്കും. സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും ചാക്കോ പറഞ്ഞു.

അതേസമയം പരാതിയില്ലെങ്കിലും ഷൈനിനെതിരെ എക്‌സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചിരുന്നു. ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാല്‍ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റായാലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.പരാതിയില്‍ തുടര്‍നടപടികള്‍ക്ക് താല്‍പര്യമില്ലെന്ന് വിന്‍ സിയുടെ കുടുംബം അറിയിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. വിന്‍ സിയുടെ പരാതി ഗൗരവമുള്ളതാണെന്ന് സിനിമാ മന്ത്രി സജി ചെറിയാനും അഭിപ്രായപ്പെട്ടു. വിന്‍ സിയുടെ പരാതി അന്വേഷിക്കുമെന്നും സിനിമയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. നടിയുടെ സമീപനം അഭിനന്ദാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content highlights :Shine will appear tomorrow at 3 pm; father Chacko says the case is just a hoax

dot image
To advertise here,contact us
dot image