മൂളിപ്പറന്ന് കൊതുകിൻ കൂട്ടം; വീടുവിട്ട് നാട്ടുകാർ

തൃക്കോവിൽവട്ടം പഞ്ചായത്തിലെ മുഖത്തല കുറുമണ്ണ വാർഡിൽ കല്ലുവിളമുക്കിലാണ് സംഭവം

dot image

കൊട്ടിയം: കൊതുക് ശല്യം കാരണം വീടുവിട്ട് നാട്ടുകാർ. തൃക്കോവിൽവട്ടം പഞ്ചായത്തിലെ മുഖത്തല കുറുമണ്ണ വാർഡിൽ കല്ലുവിളമുക്കിലാണ് സംഭവം. കൊതുക് കൂട്ടമായെത്തിയതോടെ നൂറിലേറെ വീട്ടുകാരുടെ ഉറക്കംപോലും നഷ്ടപ്പെട്ടു. പലരും വീടുവിട്ട് ബന്ധുവീടുകളിൽ അഭയംതേടുന്ന സാഹചര്യവുമുണ്ടായി. പെരുങ്കുളം ഏലായുടെ തീരത്ത് താമസിക്കുന്നവർക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

വ്യാഴാഴ്ച പുലർച്ചെയോടെയാണ് പല വീടുകളിലും കൊതുകിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൊതുകുകൾ കൂട്ടമായി വീടുകളിലേക്ക് ഇരച്ചെത്തി. കൊതുക് കടിയേറ്റ് വീട്ടിലും പരിസരത്തും നിൽക്കാനാകാത്ത അവസ്ഥയായി. തുരത്താൻ പലവഴികൾ പരീക്ഷിച്ചു. പ്രയോജനമുണ്ടായില്ല.

സന്ധ്യയോടെ നാടാകെ കൊതുക്‌ നിറഞ്ഞു. നാട്ടുകാരും ആശ വർക്കർ ബിന്ദുവും ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ അവധിയെന്ന് പറഞ്ഞ് അവർ കൈയൊഴിഞ്ഞു. തൃക്കോവിൽവട്ടം പഞ്ചായത്തിലും ആരോഗ്യവകുപ്പ് ജില്ലാ അധികൃതരെയും വിവരമറിയിച്ചു. അവധികഴിഞ്ഞ് ശനിയാഴ്ച എത്താമെന്നായിരുന്നു മറുപടി. ഒടുവിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. ശ്രീഹരി ഇടപെട്ടതോടെ വെള്ളിയാഴ്ച രാവിലെ ഫോഗിങ് നടത്താൻ നടപടികളെടുക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി. വേനൽമഴ പെയ്തൊഴിഞ്ഞതോടെ പെരുങ്കളം ഏലായുടെ പല ഭാഗങ്ങളും കൊതുകിന്റെ ഉറവിടമായിരിക്കുകയാണ്.

Content Highlights: thrikkovilvattom panchayat affected by a massive mosquito infestation

dot image
To advertise here,contact us
dot image