നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ്‌ നേതൃത്വം എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് വി എസ് ജോയ്

'തിരഞ്ഞെടുപ്പിൽ ഒന്നിലധികം സ്ഥാനാർത്ഥികളുടെ പേര് വരുന്നത് കോൺഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമാണ്'

dot image

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ്‌ നേതൃത്വം എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. സ്വന്തം നാട്ടിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടാകാം, ഇല്ലാതിരിക്കാം. ആഗ്രഹങ്ങൾക്ക് അതിരുവെച്ചിട്ടുള്ളത് കോൺഗ്രസ് നേതൃത്വമാണെന്നും വി എസ് ജോയ് വ്യക്തമാക്കി. റിപ്പോർ‌ട്ടറിനോട് സംസാരിക്കവെയായിരുന്നു വി എസ് ജോയ്‌യുടെ പ്രതികരണം.

തിരഞ്ഞെടുപ്പിൽ ഒന്നിലധികം സ്ഥാനാർത്ഥികളുടെ പേര് വരുന്നത് കോൺഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും വി എസ് ജോയ് പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ ഒരു തർക്കവുമില്ല. ഹൈക്കമാൻഡ് തീരുമാനിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും വി എസ് ജോയ് വ്യക്തമാക്കി. നിലമ്പൂരിൽ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും തങ്ങളുടെ പരിധിയിൽ നിൽക്കുന്ന കാര്യമല്ല സ്ഥാനാർത്ഥി പ്രഖ്യാപനമെന്നും വി എസ് ജോയ് പറഞ്ഞു.

ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാകും. ഒരു അഭിപ്രായ വ്യത്യാസവും തർക്കവുമില്ല. നേതൃത്വം ഒരു തീരുമാനം എടുത്താൽ അത് എല്ലാവരും അംഗീകരിക്കും. രണ്ട് പേരിൽ നിന്ന് ഒരാളിലേയ്ക്ക് എത്താൻ വളരെ എളുപ്പമാണ്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വളരെ സുഗമമായിരിക്കും. സിപിഐഎമ്മിനിടയിലാണ് അഭിപ്രായ വ്യത്യാസമെന്നും വി എസ് ജോയ് കുറ്റപ്പെടുത്തി.

നിലമ്പൂർ മണ്ഡലം തിരിച്ചു പിടിക്കണം എന്നാണ് പൊതുവികാരം. അഭിപ്രായ വ്യത്യാസമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കണ്ട. ഏത് നിമിഷം തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിനെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും പിന്തുണക്കുമെന്ന് പി വി അൻവർ പറഞ്ഞിട്ടുണ്ടെന്നും വി എസ് ജോയി വ്യക്തമാക്കി. അൻവറിനെ മുന്നണിയിലേക്ക് എടുക്കുന്ന കാര്യം യുഡിഎഫ് നേതൃത്വം തീരുമാനിക്കുമെന്നും വി എസ് ജോയ് കൂട്ടിച്ചേ‍ർത്തു.

നിലമ്പൂർ ബൈപ്പാസ് പ്രഖ്യാപനം പ്രഹസനമാണെന്നും വി എസ് ജോയ് കുറ്റപ്പെടുത്തി. ഇപ്പോഴത്തെ ബൈപാസ് പ്രഖ്യാപനവുമായി ജനങ്ങൾക്ക് ഇടയിലേക്ക് വന്നാൽ വോട്ടിന് പകരം ആട്ട്‌ കിട്ടും. ബൈപ്പാസ് പ്രഖ്യാപനം ഉപതിരെഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള പൊറോട്ട് നാടകമാണ്. പ്രഖ്യാപനം നടപ്പിലാക്കാൻ പോകുന്നില്ല. പല തവണയായി തുക പ്രഖ്യാപിച്ചിട്ടും ഒന്നും നടന്നില്ല. കുറേ കാലങ്ങളായുള്ള വാഗ്ദാനമാണിത്. ഒൻപത് വർഷമായി പദ്ധതി ഫയലിൽ ഉറങ്ങുകയായിരുന്നുവെന്നും വി എസ് ജോയ് കുറ്റപ്പെടുത്തി. സിപിഐഎം മുന്നണിയിലെ പടലപ്പിണക്കങ്ങൾ പദ്ധതിയെ ബാധിച്ചിട്ടുണ്ടാകാം. മുഹമ്മദ് റിയാസ് മന്ത്രി ആയതിനുശേഷം നിലമ്പൂരിനോട് അവഗണന ഉണ്ടെന്ന് പി വി അൻവർ പറഞ്ഞതിൽ കഴമ്പുണ്ടെന്നും വി എസ് ജോയ് കൂട്ടിച്ചേ‍ർത്തു.

Content Highlights: V S Joy Said will accept whatever decision the Congress leadership takes on Nilambur by-election

dot image
To advertise here,contact us
dot image