
പത്തനംതിട്ട : പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച നാല് വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. നെറ്റിയുടെ മുകളിലേറ്റ പരിക്കും, തലയ്ക്ക് പുറകിലേറ്റ പരിക്കും മരണത്തിന് കാരണമായി എന്നാണ് പ്രാഥമിക റിപ്പാർട്ട്. നാലുവയസ്സുകാരന്റെ തലയിൽ ആന്തരിക രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടി നിലത്ത് വീണപ്പോൾ തലയ്ക്ക് പിറകിൽ പരിക്കേറ്റു. കോൺക്രീറ്റ് തൂൺ നെറ്റിയിലേക്ക് വീണ് നെറ്റിയുടെ മുകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.
അതേ സമയം നാലുവയസ്സുകാരന്റെ മരണത്തിൽ റാന്നി ഡി എഫ് ഒ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക.
വനംമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് റിപ്പോർട്ട് തേടിയത്. നാല് വയസ്സുകാരന്റെ മരണത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേ സമയം കോൺക്രീറ്റ് തൂണിന്റെ ബലക്ഷയം സംബന്ധിച്ച് ഇതുവരെ പരിശോധന നടത്തിയിട്ടില്ല. നാല് വയസ്സുകാരന്റെ മരണത്തിന് സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില്‍ വീഴ്ച സംഭവിച്ചതായാണ് മനസിലാക്കുന്നതെന്നും വനംമന്ത്രി പറഞ്ഞിരുന്നു. ഇന്നലെ രാവിലെയായിരുന്നു കോന്നി ആനക്കൂട്ടില്‍ ദാരുണമായ സംഭവം നടന്നത്. അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആയിരുന്നു മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂൺ കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. കുടുംബത്തോടൊപ്പം ആനകളെ കാണുന്നതിനായി ആനക്കൂട്ടില്‍ എത്തിയതായിരുന്നു അഭിറാം. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
content highlights : The cause of death of a 4-year-old boy in Konni was deep wounds to the forehead and head; postmortem report