കോന്നി ആനകൊട്ടിലിൽ കോൺക്രീറ്റ് തൂൺ വീണ് കുട്ടി മരിച്ച സംഭവം; ജീവനക്കാർക്ക് സസ്പെൻഷൻ

ദക്ഷിണ മേഖലാ സിസിഎഫ് ആര്‍ കമലാഹറാണ് നടപടി എടുത്തത്

dot image

കോന്നി:  പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂൺ ദേഹത്ത് വീണ് നാല് വയസുകാരൻ മരിച്ച സംഭവത്തിൽ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെഷൻ പൊലീസ് ഓഫീസർ ആര്‍ അനില്‍കുമാറിനെയാണ് സസ്പെൻ്റ് ചെയ്തത്. സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയും സസ്പെൻ്റ് ചെയ്തു. ദക്ഷിണ മേഖലാ സിസിഎഫ് ആര്‍ കമലാഹറാണ് നടപടി എടുത്തത്.

ഡിഎഫ്ഓ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റാനും നിർദ്ദശമുണ്ട്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ന്റെ നിര്‍ദേശം പ്രകാരം ആണ്‌ നടപടി എടുത്തിരിക്കുന്നത്.

ഇന്ന് രാവിലെയായിരുന്നു കോന്നി ആനക്കൂട്ടില്‍ ദാരുണമായ സംഭവം നടന്നത്. അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആയിരുന്നു മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂണ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. കുടുംബത്തോടൊപ്പം ആനകളെ കാണുന്നതിനായി ആനക്കൂട്ടില്‍ എത്തിയതായിരുന്നു അഭിറാം. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില്‍ വീഴ്ച സംഭവിച്ചതായാണ് താൻ മനസ്സിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നതായും മന്ത്രി പറഞ്ഞു.

Content Highlights- Child dies after concrete pillar falls on elephant enclosure at Konni elephant sanctuary; staff suspended

dot image
To advertise here,contact us
dot image