നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും; ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയതിൽ വിശദീകരണം തേടും

തൃശ്ശൂരിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകിയത്

dot image

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്യുക. തൃശ്ശൂരിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകിയത്. ഷൈൻ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഷൈൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് പിതാവ് അറിയിച്ചത്. കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഡാൻസാഫ് എത്തിയപ്പോൾ ഓടിരക്ഷപ്പെട്ട സംഭവത്തിലാണ് ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുക.

അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിൻറെ പിതാവ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും പിതാവ് പ്രതികരിച്ചു. ദയവ് ചെയ്ത് ദ്രോഹിക്കരുതെന്ന് ഷൈൻ ടോം ചാക്കോയുടെ മാതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി. കലൂരിലെ വേദാന്ത ഹോട്ടലിൽ മുറിയെടുത്തത് എന്തിന്. ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതവരുത്താനാണ് പൊലീസിന്റെ നീക്കം. നിലവിൽ ഷൈനെ ഒരു കേസിലും പ്രതി ചേർത്തിട്ടില്ല. അഡ്വ രാമൻ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകൻ.

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതിയില്ലെങ്കിലും എക്‌സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാല്‍ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. സിനിമാ സെറ്റായാലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും എം ബി രാജേഷ് ചൂണ്ടിക്കാണിച്ചു. നടി വിൻ സി അലോഷ്യസിൻ്റെ പരാതി ​ഗൗരവമുള്ളതാണെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു.

അതേ സമയം ഷൈൻ ടോം ചാക്കോ കഴിഞ്ഞ ദിവസം രാത്രി പൊള്ളാച്ചിയിൽ എത്തിയതായാണ് വിവരം. നടൻ തമിഴ്നാട്ടിലാണെന്നാണ് ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്. പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു. നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരിൽ ഡാൻസാഫ് സംഘം എത്തിയത്. ഇയാൾ നടൻ ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഡാൻസാഫ് സംഘം അകത്തുകയറിയത്. റൂം സർവീസെന്ന് പറഞ്ഞാണ് ഡാൻസാഫ് ടീം റൂമിൽ ബെല്ലടിച്ചത്. ഇവിടെ സർവീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈൻ ജനലിലൂടെ പുറത്തേക്ക് ചാടുകയും ഓടി രക്ഷപെടുകയുമായിരുന്നു.

dot image
To advertise here,contact us
dot image