
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിന് പിന്നാലെ പരീക്ഷകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം. അൺ എയ്ഡഡ് കോളേജുകളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ഇനി മുതൽ സർവകലാശാലയിലെ ജീവനക്കാരനെ കോളേജുകളിൽ നിയോഗിക്കുകയും ഇവരുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കും ചോദ്യപ്പേപ്പർ ഡൗൺലോഡ് ചെയ്യലും വിതരണവും നടക്കുക. അറുപത് ജീവനക്കാരെയാണ് തിങ്കളാഴ്ച മുതൽ ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ മുഴുവനായി റദ്ദാക്കില്ലെന്നും ക്രമക്കേട് കണ്ടെത്തിയ ഗ്രീൻവുഡ് കോളേജിലെ പരീക്ഷ മാത്രമായിരിക്കും റദ്ദാക്കുക എന്നും അറിയിപ്പുണ്ട്. ഈ മാസം രണ്ടിന് സെൽഫ് ഫിനാൻസിംഗ് സ്ഥാപനമായ ഗ്രീൻ വുഡ് കോളജിലെ പരീക്ഷാ ഹാളിൽ സർവകലാശാല സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയത്.
വിദ്യാർഥികളുടെ വാട്സാപ്പിൽ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ കണ്ടെത്തുന്നത്. പരീക്ഷയുടെ രണ്ടു മണിക്കൂർ മുൻപ് പ്രിൻസിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പർ ആണ് ചോർന്നത്. പാസ്സ്‌വേഡ് സഹിതം അയക്കുന്ന പേപ്പർ പ്രിൻസിപ്പലിന് മാത്രമാണ് തുറക്കാൻ അധികാരം. ഇത് പ്രിന്റൗട്ട് എടുത്ത് വിദ്യാർഥികൾക്ക് വിതരണം ചെയ്യണം. എന്നാൽ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ വിദ്യാർഥികൾക്ക് വാട്സാപ്പിലൂടെ കിട്ടി. ഇതിനുപിന്നിൽ പ്രിൻസിപ്പൽ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്. കണ്ണൂർ കമ്മീഷണർക്കും ബേക്കൽ പൊലീസിനും നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയിരുന്നു. ആഭ്യന്തര അന്വേഷണത്തിന് സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെയും സർവകലാശാല ചുമതലപ്പെടുത്തിയിട്ടുണ്ട്.
Content Highlights:Question paper leak incident; Henceforth invigilators will be appointed in all examination centers