
എറണാകുളം: ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുൻപാകെ ഇന്ന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകും. ഉച്ചയ്ക്ക് മൂന്നിന് ഷൈൻ ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്ന് നേരത്തെ ഷൈൻ്റെ പിതാവ് പറഞ്ഞിരുന്നു. എന്നാൽ ഷൈൻ രാവിലെ പത്തരയ്ക് ഹാജരാക്കുമെന്ന് എറണാകുളം സെൻട്രൽ എസിപി കെ ജയകുമാറാണ് അറിയിച്ചത്.
32 ചോദ്യങ്ങളാണ് ഷൈനിനോട് ചോദിക്കാനായി പൊലീസ് തയ്യാറാക്കിയിട്ടുള്ളത്. ഷൈന്‍ താമസിച്ച വിവിധ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ഷൈനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക.
ഹോട്ടലുകളില്‍ ഷൈനിനെ ആരൊക്കെ സന്ദര്‍ശിച്ചു, ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും സാഹസികമായി ഇറങ്ങി ഓടിയത് എന്തിന്, ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ നടന്നിട്ടുണ്ടോ എന്നത് അടക്കമുള്ള 32 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയത്. ഷൈന്‍ ഹാജരാവുകയാണെങ്കില്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയും പരിശോധിക്കും.
അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്റെ പിതാവ് ചാക്കോ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷൈന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നുമാണ് പിതാവ് പ്രതികരിച്ചത്. ദയവ് ചെയ്ത് ദ്രോഹിക്കരുതെന്ന് ഷൈന്‍ ടോം ചാക്കോയുടെ മാതാവും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Content Highlights: shine tom chacko to arrive early for questioning