
പാലക്കാട്: ലഹരിക്കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിൽ നിയമനടപടിയുമായി സഹകരിക്കുമെന്ന് വിൻ സി അലോഷ്യസ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന് നിലപാട് സ്വീകരിച്ചതിന് പ്രശംസ അറിയിക്കാൻ വിളിച്ചപ്പോഴാണ് തന്നോട് നടി നിലപാട് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിൻ സിയുടെ നിലപാട് ചലച്ചിത്രമേഖലയിലെ എല്ലാവരും സ്വീകരിക്കണം എന്നും ധീരമായ നിലപാട് സ്വീകരിക്കുന്ന വിൻ സി അലോഷ്യസിനെ പോലുള്ളവരെ സിനിമ മേഖല സംരക്ഷിച്ച് നിർത്തേണ്ട പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അതേസമയം നാടിനെ പൂർണമായും ലഹരിയിൽ നിന്നും മോചിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം എന്നും അതിൽ സിനിമ മേഖലയെന്നോ മറ്റു മേഖലകൾ എന്നോ വ്യത്യാസമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സെലിബ്രിറ്റി എന്ന പരിഗണനയൊന്നും ആർക്കുമില്ലെന്നും എംബി രാജേഷ് വ്യക്തമാക്കി. ഉരുക്കു മുഷ്ടി കൊണ്ട് ലഹരിയെ സർക്കാരിന് അടിച്ചമർത്താൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. അതേസമയം ഷൈൻ ടോം ചാക്കോയോട് ഏപ്രിൽ 22ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. ഏപ്രിൽ 22 ചൊവ്വാഴ്ചയാണ് ഷൈൻ ഹാജരാകേണ്ടത്. ഇതിന് മുമ്പായി അന്വേഷണസംഘം യോഗം ചേർന്ന് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തും.
ഷൈൻ ടോം ചാക്കോയുടെ ടെലിഫോൺ കോളുകളുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കും. ഷൈൻ ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നപ്പോൾ കാണാനെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണ നടത്തും. ഷൈനെ കാണാനെത്തിയവരിൽ പെൺസുഹൃത്തും ഉണ്ട്. ഷൈന് ഹോട്ടലിൽ നിന്നും രക്ഷപെടാൻ വാഹനം ഏർപ്പാട് ചെയ്തത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നതിന് മുമ്പായി നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയത് ലഹരി ഉപയോഗത്തിനും ഗൂഢാലോചന നടത്താനുമാണെന്നാണ് എഫ്ഐആറിൽ ഉള്ളത്.
ലഹരി ഉപയോഗിച്ചുവെന്ന് ഷൈൻ മൊഴി നൽകിയിട്ടുണ്ടെങ്കിലും ലഹരി ഉപയോഗം സ്ഥിരീകരിക്കുന്നതിന് നടത്തിയ വൈദ്യ പരിശോധന ഫലം അനുസരിച്ചാവും പൊലീസിൻ്റെ തുടർനീക്കം. ഷൈനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതും ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും.
Content Highlights:MB Rajesh says he will cooperate with legal action over revelations made by Win C Aloysius