
മലപ്പുറം: എരമംഗലം പുഴക്കരയിലെ പൊലീസ് അതിക്രമത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഇത് കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു.
പെരുമ്പടപ്പ് പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സിവിൽ പൊലീസ് ഓഫിസർ ജെ ജോജോയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ സിപിഐഎം നേതൃത്വം പൊലീസുകാർക്കെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു.
ഉത്സവത്തിനിടെ ഉണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു പൊലീസ് നരനായാട്ടെന്ന് സിപിഐഎം ആരോപിക്കുന്നത്. സിപിഐഎം നേതാക്കളുടെ മക്കളായ വിദ്യാർത്ഥികളെ വീട്ടിൽക്കയറി വലിച്ചിറക്കി കൊണ്ട് പോയി പൊലീസ് ക്രൂരമായി മർദിച്ചു എന്നാണ് ആരോപണം. ലാത്തികൊണ്ട് പല്ല് അടിച്ചു തകർത്തുവെന്നും, പുറത്തും നെഞ്ചിലും അടിച്ചു പരിക്കേൽപ്പിച്ചുവെന്നും, സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചുവെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് പൊലീസിനെതിരെ ഉയർന്നുവന്നത്.
കാറിൽ കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിൽ വെച്ചായിരുന്നു മർദ്ദനം. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടാത്തതിലായിരുന്നു പൊലീസിന്റെ നടപടി. എന്നാൽ യഥാർത്ഥ പ്രതിയെ കിട്ടിയതോടെ ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു. എന്നാൽ ഉത്സവത്തിനിടെ യുവാക്കൾ തങ്ങളെയാണ് ആക്രമിച്ചതെന്നാണ് പെരുമ്പടപ്പ് പൊലീസ് പറയുന്നത്. വിദ്യാർത്ഥികളെ മർദിച്ചിട്ടില്ല എന്നും രാവിലെ തന്നെ വിട്ടയച്ചെന്നും പൊലീസ് വിശദീകരിച്ചിരുന്നു. സംഭവത്തിൽ സിപിഐഎം പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതോടെ പൊലീസുകാർക്കെതിരെ നടപടി വരികയായിരുന്നു.
Content Highlights: police officers suspended on attrocities against CPIM leaders sons