
കണ്ണൂർ: ഈസ്റ്റർ ആശംസ പങ്കുവെച്ചുള്ള വീഡിയോയിൽ തൻ്റെ നിരപരാധിത്വം പരോക്ഷമായി സൂചിപ്പിച്ച് പി പി ദിവ്യ. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ താൻ നിരപരാധിയെന്നും ഒരിക്കൽ സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നുമാണ് ഇതിലൂടെ ദിവ്യ പരോക്ഷമായി സൂചിപ്പിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്ന ലളിതമായ സത്യം തിന്മയുടെ മേൽ അവസാനത്തെ ജയം നന്മയ്ക്കായിരിക്കും എന്നാണ്. നിസ്വാർത്ഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യമുയർത്തിയതിനാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടതെന്നും പി പി ദിവ്യ പറയുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ഉറക്കെ പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു യേശു. എന്നിട്ടും തെറ്റായ ആരോപണം ഉന്നയിച്ച് ക്രൂശിച്ചുകൊന്നു. ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തത്. ഒപ്പം നടന്നവരായിരുന്നു കല്ലെറിഞ്ഞത്.എത്ര സത്യസന്ധമായി ജീവിച്ചാലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയും എന്നും ദിവ്യ വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.
തന്നെ ചതിച്ചുവെന്ന പരോക്ഷ പ്രതികരണമാണ് ദിവ്യ വീഡിയോയിലൂടെ ഉദ്ദേശിച്ചതെന്നാണ് വിലയിരുത്തൽ. ഇരയുടെ വേദന തിരിച്ചറിയാത്തിടത്തോളം കാലം സമൂഹത്തിന്റെ മനസ്സ് എന്നും വേട്ടക്കാരന്റേത് തന്നെയാണ്. പതനം ഉണ്ടാകുമ്പോൾ കൂടെ ആരൊക്കെ ഉണ്ടാകും എന്ന തിരിച്ചറിവും പാഠമാകും. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിന്റെ ദിനം വരികതന്നെ ചെയ്യുമെന്നും വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാൽ ഞായറാഴ്ച ഉയർത്തെഴുന്നേൽക്കുമെന്നും പി പി ദിവ്യ സൂചന നൽകുന്നു.
Content Highlights: PP Divya easter wishes aiming her innocense