
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസില് ഉള്പ്പെട്ട മുഴുവന് പേരെയും പ്രതിയാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തില് പൊലീസ് നിയമോപദേശം തേടും. താമരശ്ശേരി പൊലീസിനോട് രക്ഷിതാക്കള് വീണ്ടും ആവശ്യം ഉന്നയിച്ചതോടെയാണ് നീക്കം. കേസില് നിലവില് ആറ് പേരെയാണ് ഉള്പ്പെടുത്തിയിട്ടുള്ളത്. സംഭവത്തില് ഉള്പ്പെട്ട മുഴുവന് പേരെയും പ്രതി പട്ടികയില് ചേര്ക്കണമെന്നാണ് ഷഹബാസിന്റെ പിതാവിന്റെ ആവശ്യം.
വിദ്യാര്ത്ഥികളുടെ ജാമ്യാപേക്ഷ വേളയില് ജില്ലാ കോടതിയിലും രക്ഷിതാക്കള് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ നേരില് കണ്ടും സമാന ആവശ്യമുന്നയിച്ചത്. ഇതോടെ നിയമപദേശം തേടാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില് കൊലവിളി നടത്തിയവരെയും നേരിട്ട് പങ്കുള്ളവരെയും ആണ് നിലവില് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ മാസം അവസാനം കുറ്റപത്രം സമര്പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
എന്നാല് നിയമപദേശം തേടുന്ന സാഹചര്യത്തില് കുറ്റപത്രം തയ്യാറാക്കുന്നതിലും കാലതാമസം നേരിടും. അതേസമയം ജുവനൈല് ഹോമില് നിരീക്ഷണത്തില് കഴിയുന്ന വിദ്യാര്ത്ഥികളുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കീഴ് കോടതികളില് ജാമ്യാപേക്ഷയെ എതിര്ത്തിരുന്ന സമാന നിലപാട് തന്നെയാകും പൊലീസ് ഹൈക്കോടതിയിലും സ്വീകരിക്കുക. ജാമ്യത്തില് ഇറങ്ങിയാല് കുട്ടികള്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് പൊലീസിന്റെ റിപ്പോര്ട്ട്.
Content Highlights: Shahabas death Police will seek legal advice on the demand to charge all the accused