
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.
അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീന്‍ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേര്‍ന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തില്‍ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലിരിക്കെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്‍ച്ച് 23നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവില്‍ ഈസ്റ്റര്‍ ദിനത്തിലും മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ടിരുന്നു. ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Chief Minister pinarayi vijayan condoles the death of the Pope Francis