പ്രതിസന്ധികളിൽ തളരാതെ സർക്കാർ മുന്നോട്ടുപോയി: രണ്ടാമൂഴത്തിലെ നാലാം വാർഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേന്ദ്രസർക്കാരിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

dot image

കാസർഗോഡ്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് കാസർഗോഡ് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇഎംഎസ് മത്സരിച്ച് വിജയിച്ച മണ്ണിൽ തന്നെ നാലാം വാർഷികം ആഘോഷത്തിന് തുടക്കം കുറിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളിൽ തളരാതെ സർക്കാർ മുന്നോട്ട് പോയെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്തകാലത്ത് നാട് കാണിച്ച ഒരുമയും, സർക്കാരിന്റെ പ്രവർത്തനങ്ങളും ഉയർത്തികാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. തകർന്നടിഞ്ഞുകിടന്ന നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങൾ എൽഡിഎഫിനെ ഏൽപ്പിച്ചത്. ഈ നാടിനെ കാലോചിതമായി മാറ്റിത്തീർക്കണം, മറ്റ് പ്രദേശങ്ങളിൽ ലഭിക്കുന്ന വികസനം ഈ നാടിന് വേണം തുടങ്ങിയ വലിയ ദൗത്യമാണ് ജനങ്ങൾ ഏൽപ്പിച്ചത്. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾ, മാരകമായ പകർച്ചവ്യാധികൾ ഇവയെല്ലാം നാടിന് തകർച്ചയിലേക്ക് നയിക്കും വിധമായിരുന്നു. പക്ഷെ നമുക്ക് തകരാൻ പറ്റുമായിരുന്നില്ല. നമുക്ക് ഇവയെ അതിജീവിച്ചേ മതിയാകുമായിരുന്നുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആവശ്യമായ ഘട്ടങ്ങളിൽ എല്ലാം വേണ്ട സഹായം നമുക്ക് ലഭിക്കാതെ പോയി. തീർത്തും നിഷേധാത്മകമായ നിലപാടുകൾ ഉണ്ടായി. ലഭിക്കുന്ന സഹായം തടയുന്ന അവസ്ഥയുണ്ടായി. കേരളം തകരട്ടെ എന്ന മനോഭാവമായിരുന്നു കേന്ദ്രസർക്കാരിന്റേത്. ഇവയെയെല്ലാം അതിജീവിച്ച് കേരളം മുന്നേറുകയാണെന്നും ഓരോ മേഖലകളിലും കേരളം മികച്ചതാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന 'നവകേരളത്തിൻ്റെ വിജയ മുദ്രകൾ' എന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Content Highlights: CM on keralas achievements at kasargod

dot image
To advertise here,contact us
dot image