ഹൈബ്രിഡ് കഞ്ചാവ് കേസ്; പ്രതികളെ വിശദമായി ചോദ്യംചെയ്യും, ശേഷം ആരോപണ വിധേയരായ താരങ്ങള്‍ക്ക് നോട്ടീസ്

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്കാണ് എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടത്

dot image

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുകേസില്‍ പ്രതികളെ വിശദമായി ചോദ്യംചെയ്യുമെന്ന് അസി. എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാര്‍. സിനിമാ മേഖലയിലേക്കും അന്വേഷണം നീളുമെന്നും പ്രതികളുടെ മൊഴി മാത്രം മുഖവിലയ്‌ക്കെടുക്കില്ലെന്നും അശോക് കുമാര്‍ പറഞ്ഞു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്കാണ് എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടത്. തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഫിറോസ് എന്നിവരെയാണ് എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങിയത്. റിമാന്‍ഡ് ചെയ്ത് 20 ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികളെ എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.


പ്രതികളെ വിശദമായി ചോദ്യംചെയ്ത ശേഷം ആരോപണ വിധേയരായ താരങ്ങള്‍ക്ക് നോട്ടീസയയ്ക്കാനാണ് എക്‌സൈസ് തീരുമാനം. അറസ്റ്റിലായ ഘട്ടത്തില്‍ തന്നെ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായുളള ബന്ധത്തെക്കുറിച്ച് തസ്ലീമ അന്വേഷണസംഘത്തിനു മുന്നില്‍ വിവരിച്ചിരുന്നു. കഴിഞ്ഞ മാസം 27-ന് എറണാകുളത്ത് എത്തിയ തസ്ലീമ ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നതായാണ് വിവരം. 3 കിലോ കഞ്ചാവ് സിനിമാ മേഖലയില്‍ വിതരണം ചെയ്തുവെന്നാണ് എക്‌സൈസ് സംശയിക്കുന്നത്. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുളള സിനിമാ നടന്മാരെ അറിയാമെങ്കിലും ലഹരി ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് തസ്ലീമ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു അവരുടെ പ്രതികരണം.


നൂറിലധികം ചോദ്യങ്ങളാണ് പ്രതികള്‍ക്കായി അന്വേഷണസംഘം തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് മൂന്ന് പ്രതികളെയും ഒറ്റയ്ക്ക് ഒറ്റയ്ക്കായാണ് ആദ്യഘട്ടത്തില്‍ ചോദ്യംചെയ്യുക. പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യം മനസിലാക്കാനാണ് ഇത്തരത്തില്‍ ചോദ്യംചെയ്യുന്നത്. ഇതില്‍ ഇരുപത്തിയഞ്ചിലധികം ചോദ്യങ്ങള്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ടാണ്. പ്രതികളുടെ ചോദ്യംചെയ്യലിനുശേഷം ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയുള്‍പ്പെടെ തസ്ലീമ വെളിപ്പെടുത്തിയ താരങ്ങളെ നോട്ടീസയച്ചുവരുത്തി ചോദ്യംചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം കടക്കുകയുളളു.

Content Highlights: excise to question hybrid ganja case accused in detail

dot image
To advertise here,contact us
dot image