'മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മുഖം': ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് കെ സുധാകരന്‍

'സഭയ്ക്കുളളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു മാര്‍പാപ്പ'

dot image

കണ്ണൂര്‍: അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സഭയ്ക്കുളളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു മാര്‍പാപ്പയെന്നും മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മുഖമായിരുന്നു അദ്ദേഹമെന്നും കെ സുധാകരന്‍ പറഞ്ഞു. ലോകമെമ്പാടുമുളള വിശ്വാസ സമൂഹത്തിനൊപ്പം ചേര്‍ന്ന് മാര്‍പാപ്പയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


പ്രതിപക്ഷ നേതാവ് വിഡി സതീശനും ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ചിരുന്നു. ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്നും ലളിതജീവിതത്തിന്റെ പ്രയോക്താവായ അദ്ദേഹം ശാന്തിദൂതനായിരുന്നെന്നും മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മുഖമായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു.

ഫ്രാൻസിസ് മാ‍ർപാപ്പയുടെ നിര്യാണത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ താൻ അഗാധമായി ദുഃഖിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹം അടിച്ചമർത്തപ്പെട്ടവരുടെയും അരികു വൽക്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നെന്നും അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ചെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചെന്നും രാഹുൽ ​കൂട്ടിച്ചേർത്തു.

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ഉച്ചയോടെയാണ് കാലംചെയ്തത്. 35 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം മാര്‍ച്ച് 23-നായിരുന്നു അദ്ദേഹം ആശുപത്രി വിട്ടത്. കടുത്ത ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14-നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്.

Content Highlights: k sudhakaran about pope francis demise

dot image
To advertise here,contact us
dot image