
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലസ്തീനിലടക്കം ചൂഷണമനുഭവിക്കുന്ന മനുഷ്യരോട് ഐക്യപ്പെടാനും അവർക്കുവേണ്ടി ശബ്ദിക്കാനും മാർപാപ്പയ്ക്ക് സാധിച്ചിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രകാശം ലോകമാകെ പരത്തിയ വലിയ മനുഷ്യ സ്നേഹിയെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. ആഗോള കത്തോലിക്കാ സഭയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിനാകെ വഴിവിളക്കായി മാറിയ മാർപാപ്പയുടെ ഓർമകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രകാശം ലോകമാകെ പരത്തിയ വലിയ മനുഷ്യ സ്നേഹിയെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. ആഗോള കത്തോലിക്കാ സഭയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സാധിച്ചു. സർവേരേയും സ്നേഹിക്കുകയും അശരണർക്കും വേദനയനുഭവിക്കുന്നവർക്കും ഒപ്പം നിൽക്കുകയും സഭയിൽ പുരോഗമനപരമായ നിരവധി മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്‌ത മാർപ്പാപ്പയായിരുന്നു അദ്ദേഹം. സ്ത്രീ പൗരോഹിത്യമടക്കമുള്ള കാര്യങ്ങളിൽ പുരോഗമന നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പലസ്തീനിലടക്കം ചൂഷണമനുഭവിക്കുന്ന മനുഷ്യരോട് ഐക്യപ്പെടാനും അവർക്കുവേണ്ടി ശബ്ദിക്കാനും മാർപാപ്പയ്ക്ക് സാധിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഈസ്റ്റർദിനത്തിൽ നൽകിയ സന്ദേശത്തിലും സമാധാനത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് അദ്ദേഹം നൽകിയത്. ലോകമെമ്പാടും സമാധാനത്തിനും ആഗോള നിരായുധീകരണത്തിനും ബന്ദികളുടെ മോചനത്തിനും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ഈസ്റ്റർദിന സന്ദേശമെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യക്തിപരമായ അവശതകൾക്കിടയിലും ലോകസമാധാനം പുലരണമെന്ന മഹത്തായ സന്ദേശമാണ് അദ്ദേഹം മനുഷ്യ സമൂഹത്തിന് കൈമാറിയത്.
ഫ്രാൻസിസിസ് മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന വിശ്വാസ സമൂഹത്തിനും ലോകമാകെ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ലോകത്തിനാകെ വഴിവിളക്കായി മാറിയ മാർപാപ്പയുടെ ഓർമകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു.
Content Highlights: m v govinan condoles the death of the pope francis