
തിരുവനന്തപുരം: കേരളത്തിലെ ജെഡിഎസ് ഘടകത്തിന് ലയിക്കാന്‍ വേണ്ടി രൂപീകരിച്ച പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഉടനുണ്ടാവും. കേരള ജനതാദള്‍, ജനതാപാര്‍ട്ടി, സോഷ്യലിസ്റ്റ് ജനത എന്നിവയിലൊരു പേരാകും പുതിയ പാര്‍ട്ടിക്കായി തിരഞ്ഞെടുക്കുക. അംഗീകാരം ലഭിച്ചാലുടന്‍ മന്ത്രി കെ ക്യഷ്ണന്‍കുട്ടിയുടെയും മാത്യു ടി തോമസിന്റെയും നേത്യത്വത്തിലുള്ള ജെഡിഎസ് പുതിയ പാര്‍ട്ടിയില്‍ ലയിക്കും. ജെഡിഎസ് കര്‍ണ്ണാടകയില്‍ എന്‍ഡിഎയുടെ ഭാഗമായോടെയാണ് കേരള നേതാക്കള്‍ പ്രതിസന്ധിയിലായത്.
എച്ച് ഡി ദേവഗൗഡയുടെ നേത്യത്വത്തിലുള്ള ദേശീയ നേത്യത്വം ബിജെപിക്കൊപ്പം ചേര്‍ന്ന സമയത്ത് തന്നെ കേരള നേതാക്കള്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിഛേദിച്ചിരുന്നു. പക്ഷെ മറ്റൊരു പാര്‍ട്ടി രൂപീകരിക്കുകയോ ഏതെങ്കിലുമൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ ചെയ്യാത്തതിനാല്‍ സാങ്കേതികമായി ബിജെപി മുന്നണിയിലുള്ള ജനതാദളിന്റെ ഭാഗമാണ് മന്ത്രി കെ ക്യഷണന്‍കുട്ടി അടക്കമുള്ളവര്‍. അത് മറികടക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാര്‍ട്ടി രൂപീകരണം. ജെഡിഎസ് അംഗത്വം ഇല്ലാത്ത പാര്‍ട്ടി അനുഭാവികളെ മുന്നില്‍ നിര്‍ത്തിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേത്യത്വത്തിലുള്ള കേരള നേതാക്കള്‍ ആ പാര്‍ട്ടിയില്‍ ലയിച്ച് നേതൃസ്ഥാനത്ത് വരും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ മറികടക്കാനാണ് പുതിയ പാര്‍ട്ടി രൂപീകരിച്ച് ജെഡിഎസ് കേരള ഘടകം അതിൽ ലയിക്കുന്നത്.
Content Highlights: New party to merge with Janata Dal EC process is in final stage