തസ്ലീമയുടെ ഫോണിൽ ഷൈനുമായുള്ള ചാറ്റ് ഡിലീറ്റാക്കിയ നിലയിൽ; ഹൈബ്രിഡ് വേണമോ എന്നതിന് വെയ്റ്റ് എന്ന് ശ്രീനാഥ് ഭാസി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ വാട്സ്ആപ്പ് ചാറ്റ് പുറത്ത്

dot image

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമയും നടൻ ഷൈൻ ടോം ചാക്കോയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിൽ. തസ്ലീമ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിക്കുന്നതും, ശ്രീനാഥ് ഭാസി വെയ്റ്റ് എന്ന് മറുപടി നൽകിയ ചാറ്റും പൊലീസ് കണ്ടെത്തി.

ഷൈൻ ടോം ചാക്കോയുമായുള്ള ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ചില തീയതികളിലെ ചാറ്റുകൾ മാത്രം ഡിലീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിക്കും. ഇതിനിടെയാണ് ഭാസിയുമായുള്ള ചാറ്റിന്റെ വിവരങ്ങൾ പുറത്തുവന്നത്.

അതേസമയം, കേസിൽ സിനിമാതാരങ്ങളുടെ ബന്ധത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ തസ്ലീമയെ ഇന്ന് വീണ്ടും എക്സൈസ് ചോദ്യം ചെയ്യും. ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളെന്ന തസ്ലിമയുടെ മൊഴിയിൽ വ്യക്തത വരുത്താനാകും ചോദ്യം ചെയ്യൽ. ലഹരിക്കേസിൽ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരുകയും ചെയ്യും.

തസ്ലീമ പറഞ്ഞ കാര്യങ്ങൾ അന്വേഷണസംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. താനും സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്നും ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാൽ ഈ കേസുമായി അവർക്ക് യാതൊരു ബന്ധവുമില്ല എന്നാണ് തസ്ലീമ പറഞ്ഞിരുന്നത്. നേരത്തെ ഇവരുമായി ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് തസ്ലീമ മൊഴി നൽകിയിരുന്നത്. ഇരു നടന്മാരെയും അന്വേഷണസംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. സിനിമാ മേഖലയിലുള്ളവർക്ക് ലഹരി എത്തിച്ചുനൽകുന്ന പ്രധാനപ്പെട്ടയാളാണ് തസ്ലീമ എന്നാണ് പൊലീസിന്റെ നിഗമനം.

Content Highlights: Chat between Thasleema and sreenath bhasi out

dot image
To advertise here,contact us
dot image