ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവതരമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ മാറ്റിവെച്ചു

കഴിഞ്ഞ ദിവസമാണ് കേസിനോട് അനുബന്ധിച്ച് സുകാന്തിനെ ഐ ബി ജോലിയിൽ നിന്ന് പിരിച്ച് വിട്ടത്

dot image

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിലെ പ്രതി സുകാന്ത് സുരേഷിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവതരമെന്ന് ഹൈക്കോടതി. ഉടൻ തന്നെ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ ദിവസമാണ് കേസിനോട് അനുബന്ധിച്ച് സുകാന്തിനെ ഐ ബി ജോലിയിൽ നിന്ന് പിരിച്ച് വിട്ടത്. പേട്ട പൊലീസ് ഐബിക്ക് കൈമാറിയ റിപ്പോർട്ടിന് പിന്നാലെയായിരുന്നു നടപടി.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതില്‍ ചില തെളിവുകള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു.

പ്രതി സുകാന്തിനായി അന്വേഷണം നടന്നുവരികയാണ്. പൊലീസ് രണ്ട് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. ഇയാള്‍ക്കായി കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്. ഐബി ഉദ്യോഗസ്ഥ മൂന്ന് ലക്ഷത്തോളം രൂപ സുകാന്തിന് കൈമാറിയതായി വ്യക്തമായിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. പ്രതി സുകാന്തിനെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പണം തട്ടിയെടുക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Content Highlights-IB officer's death; High Court says allegations against Sukant are serious, postpones bail plea

dot image
To advertise here,contact us
dot image