
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രത്യാശയുടെയും ഒരു ദീപസ്തംഭമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. 'അദ്ദേഹത്തിന്റെ ആത്മാവ് നമ്മളിൽ എല്ലാവരിലും ദയയെ പ്രചോദിപ്പിക്കട്ടെ, അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മെ കൂടുതൽ കരുണാമയവും ഐക്യവുമുള്ള ഒരു ലോകത്തിലേക്കും നയിക്കട്ടെ. എന്റെ ചിന്തകളിലും പ്രാർത്ഥനകളിലും അദ്ദേഹത്തെ നിലനിർത്തുന്നു.' മോഹൻലാൽ കുറിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പടെ നിരവധിപ്പേർ അനുശോചനം അറിയിച്ചിട്ടുണ്ട്. മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലിരിക്കെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്‍ച്ച് 23നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവില്‍ ഈസ്റ്റര്‍ ദിനത്തിലും മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ടിരുന്നു. ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights- 'The Pope is a beacon of mercy and humility, may his spirit fill us with kindness'; Mohanlal