ഖേദം പ്രകടിപ്പിച്ച് ഷൈൻ ടോം ചാക്കോ, പരാതിയില്ലെന്ന് വിൻ സി; ഒടുവിൽ ലഹരി പരാതിക്ക് 'ആൻ്റിക്ലൈമാക്സ്'

ഇരുവരും സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചു

dot image

കൊച്ചി: നടി വിൻ സി ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഉയർത്തിയ ലഹരി പരാതി ഒത്തുതീർപ്പിലേക്ക്. സംഭവത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെയും വിൻ സി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെയുമാണ് ഒത്തുതീർപ്പായത്. സിനിമയുടെ ഐസി കമ്മിറ്റിക്ക് മുൻപാകെയാണ് പരാതി ഒത്തുതീർപ്പായത്. ഒടുവിൽ ഇരുവരും കൈകൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചു. ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും.

കഴിഞ്ഞ ദിവസമാണ് ഇരുവരും ഐസിസിക്ക് മുൻപാകെ ഹാജരായത്. സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍ സി വ്യക്തമാക്കിയിരുന്നു. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും നിയമപരമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നും വിന്‍ സി പറഞ്ഞിരുന്നു. 'സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്കുവേണ്ടത്'- എന്നായിരുന്നു വിന്‍ സി നിലപാട് വ്യക്തമാക്കിയത്.

സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച നടനില്‍നിന്നും മോശം അനുഭവമുണ്ടായി എന്ന് വിൻ സി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് വിൻ സി ഫിലിം ചേംബറിന് പരാതി നൽകുകയായിരുന്നു. ഈ പരാതി പിന്നീട് പുറത്ത് വരികയും ലഹരി ഉപയോഗിച്ച നടൻ ഷൈൻ ടോം ചാക്കോ ആണെന്ന വിവരം പുറത്ത് വരികയുമായിരുന്നു. പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെതിരെ രൂക്ഷ വിമർശനവുമായി വിൻ സി രംഗത്ത് വരികയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ കൊച്ചിയിലെ ആഢംബര ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയ ഡാൻസാഫ് സംഘത്തെ കണ്ട് ഷൈൻ ടോം ചാക്കോ ഓടി രക്ഷപെട്ടിരുന്നു. പിന്നീട് തമിഴ്നാട്ടിലേയ്ക്ക് കടന്ന ഷൈൻ പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പൊലീസ് മണിക്കൂറുകളോളം ഷൈനെ ചോദ്യം ചെയ്യുകയും ലഹരി ഉപയോഗം സംബന്ധിച്ച് പൊലീസ് ഷൈൻ്റെ വിശദമായി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഷൈൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.

അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാ താരങ്ങളുടെ ബന്ധം എക്സൈസ് അന്വേഷിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളെന്ന തസ്ലിമയുടെ മൊഴിയിൽ വ്യക്തത വരുത്താൻ ഇന്നും കൂടുതൽ ചോദ്യം ചെയ്യും. ലഹരിക്കേസിൽ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരുകയും ചെയ്യും.

തസ്ലീമ പറഞ്ഞ കാര്യങ്ങൾ അന്വേഷണസംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. താനും സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്നും ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാൽ ഈ കേസുമായി അവർക്ക് യാതൊരു ബന്ധവുമില്ല എന്നാണ് തസ്ലീമ പറഞ്ഞിരുന്നത്. നേരത്തെ ഇവരുമായി ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് തസ്ലീമ മൊഴി നൽകിയിരുന്നത്. ഇരു നടന്മാരെയും അന്വേഷണസംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. സിനിമാ മേഖലയിലുള്ളവർക്ക് ലഹരി എത്തിച്ചുനൽകുന്ന പ്രധാനപ്പെട്ടയാളാണ് തസ്ലീമ എന്നാണ് പൊലീസിന്റെ നിഗമനം.

Content Highlights: vincy and shine tom chacko issue closed

dot image
To advertise here,contact us
dot image