
കൊച്ചി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പളളി സ്വദേശി എന്‍ രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സര്‍ക്കാര്‍ പ്രതിനിധികള്‍ ഏറ്റുവാങ്ങി. വിമാനത്താവളത്തിന് പുറത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധിപേരാണ് അന്തിമോപചാരമര്‍പ്പിച്ചത്. മൃതദേഹം 15 മിനിറ്റ് പൊതുദര്‍ശനത്തിനുവെച്ച ശേഷം പാലാരിവട്ടം റിനൈ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. ഇന്ന് മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
മകന്റെ ആവശ്യത്തിനായി അമേരിക്കയിൽ പോയ രാമചന്ദ്രന്റെ ജ്യേഷ്ഠൻ നാളെ രാത്രിയോടെ നാട്ടിലെത്തും. ഇതിന് ശേഷം വെളളിയാഴ്ച്ച രാവിലെയോടെയാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. രാമചന്ദ്രന്റെ വീടിന് സമീപത്തുളള ചങ്ങമ്പുഴ പാര്‍ക്കില്‍ നാളെ രാവിലെ ഏഴ് മണി മുതല്‍ 9 മണിവരെ പൊതുദര്‍ശനത്തിനുളള ക്രമീകരണങ്ങളുണ്ടാകും. മന്ത്രിമാരും ജനപ്രതിനിധികളുമുള്‍പ്പെടെ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനായി വിമാനത്താവളത്തിലെത്തിയത്. ഇടപ്പളളി ശ്മശാനത്തിലായിരിക്കും രാമചന്ദ്രന്റെ സംസ്‌കാരം.
ഭാര്യയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് യാത്രപോയ രാമചന്ദ്രന്‍ മകളുടെ കണ്‍മുന്നില്‍വെച്ചാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകള്‍ ആരതിക്കുനേരെ ഭീകരര്‍ തോക്കുചൂണ്ടിയെങ്കിലും വെറുതെവിട്ടു. പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ലഷ്‌കര്‍ നേതാവ് സെയ്ഫുളള കസൂരിയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.
Content Highlights: pahalgam terror attack victim ramachandrans body brought to kochi