
കൊല്ലം: കൊല്ലത്തുനിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലുവയസുകാരിയെ പൊലീസ് വീട്ടുകാര്‍ക്ക് കൈമാറി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കോയമ്പത്തൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് ദേവി എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസിയില്‍ ചെങ്ങന്നൂര്‍ ഡിപ്പോയില്‍വെച്ചാണ് നാടകീയ സംഭവങ്ങളുണ്ടായത്.
അടൂരില്‍ നിന്നാണ് കുട്ടിയെയും കൊണ്ട് നാടോടി സ്ത്രീ ബസില്‍ കയറിയത്. ബസില്‍ കയറിയ ഉടന്‍ കുട്ടി ഓടിച്ചെന്ന് കണ്ടക്ടര്‍ അനീഷിന്റെ കൈയില്‍ പിടിച്ചു. കുട്ടി കണ്ടക്ടറുടെ സീറ്റിനരികില്‍ നിന്ന് മാറാതെ നിന്നു. കൂടെയുളള സ്ത്രീ തമിഴും കുട്ടി മലയാളവും സംസാരിക്കുന്നത് കണ്ടപ്പോള്‍ അനീഷിന് സംശയമായി. ടിക്കറ്റ് എടുക്കാന്‍ കാശില്ലെന്നുകൂടി സ്ത്രീ പറഞ്ഞതോടെ കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന് ഉറപ്പായ അനീഷ് ബസ് പന്തളം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ഇരുവരെയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
കൊല്ലം കുന്നിക്കോട് സ്വദേശിനിയാണ് കുട്ടിയുടെ അമ്മ. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുളളയാളാണ്. തിങ്കളാഴ്ച്ച വൈകുന്നേരം കുഞ്ഞിനെയും കൊണ്ട് ഇവര്‍ കൊല്ലം ബീച്ചിലെത്തി. ഇവിടെ നിന്നാണ് നാടോടി സ്ത്രീ കുട്ടിയെ തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ ജലജയാണ് കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കുട്ടിയെ മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറ്റി പുത്തനുടുപ്പും ചെരിപ്പും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുത്താണ് പൊലീസുകാര്‍ ബന്ധുക്കള്‍ക്കൊപ്പം വിട്ടത്. കുഞ്ഞിനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ അനീഷും പന്തളം പൊലീസും.
Content Highlights: Police hand over toddler abducted by nomadic woman in Kollam to her family