ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻ ബിഗ് ബോസ് താരത്തിനും ഒരു മോഡലിനും കൂടി നോട്ടീസ് അയച്ച് എക്സൈസ്

തസ്ലിമയുമായി ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്

dot image

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങൾക്ക് പുറമെ മൂന്ന് പേർക്കും കൂടി നോട്ടീസ് അയച്ച് എക്സൈസ്. ഒരു മോഡൽ, സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി, മുൻ ബിഗ് ബോസ് താരം എന്നിവർക്കാണ് നോട്ടീസ് അയച്ചത്. തസ്ലിമയുമായി ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്.

കഴിഞ്ഞ ദിവസമാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചത്. ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം. ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളാണെന്ന് തസ്ലിമ മൊഴി നൽകിയിരുന്നു. തസ്‌ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്സൈസിന് ലഭിച്ചിരുന്നു. തസ്ലീമ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിക്കുന്നതും ശ്രീനാഥ് ഭാസി വെയ്റ്റ് എന്ന് മറുപടി നൽകിയ ചാറ്റും പൊലീസ് കണ്ടെത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുമായുള്ള ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു.

താനും സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്നും ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാൽ ഈ കേസുമായി അവർക്ക് യാതൊരു ബന്ധവുമില്ല എന്നുമാണ് തസ്ലീമ പറഞ്ഞിരുന്നത്. എന്നാൽ, സിനിമാ മേഖലയിലുള്ളവർക്ക് ലഹരി എത്തിച്ചുനൽകുന്ന പ്രധാനപ്പെട്ടയാളാണ് തസ്ലീമ എന്നായിരുന്നു പൊലീസിന്റെ നിഗമനം.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്ലീമയുടെ ഭർത്താവിനെയും എക്സൈസ് പിടികൂടിയിരുന്നു. തമിഴ്‌നാട് -ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് പിടികൂടിയത്. കേസിലെ മുഖ്യ കണ്ണിയായിരുന്നു ഇയാള്‍.

Content Highlights: 3 others get notice on alappuzha hybrid ganja case

dot image
To advertise here,contact us
dot image