
കോഴിക്കോട്: നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ ബിജെപിയില്‍ ആശയക്കുഴപ്പം. മത്സരിക്കേണ്ടെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ടുവെച്ചതോടെയാണ് ആശയക്കുഴപ്പം രൂപപ്പെട്ടത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രസക്തിയില്ല. അതിനാല്‍ സമയവും അധ്വാനവും സാമ്പത്തികവും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെ എതിര്‍ക്കുന്നത്.
നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പകരം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം. പുതുതായെത്തിയ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ ദൗത്യമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കാണേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. നിലമ്പൂരിൽ തിരിച്ചടിയുണ്ടായാൽ പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം തകരുമെന്നും നേതൃത്വം കണക്കാക്കുന്നുണ്ട്. എന്നാൽ വോട്ടു മറിച്ചെന്ന ആരോപണത്തിന് മറുപടി പറയേണ്ടി വരുമെന്ന ആശങ്കയും ബിജെപിയെ അലട്ടുന്നുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 8595 വോട്ടാണ് ബിജെപിക്ക് നേടാനായത്. 2016ല്‍ മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിച്ചപ്പോള്‍ 12,284 വോട്ട് നേടാന്‍ കഴിഞ്ഞിരുന്നു. 2021ല്‍ വോട്ട് കുറയുകയാണ് ചെയ്തത്.