പണം തിരികെതരാമെന്ന് പറഞ്ഞിട്ടും കേസ് പിന്‍വലിച്ചില്ല,ഭാര്യയെ പരിചരിക്കാന്‍ കഴിഞ്ഞില്ല;മൊഴി വിവരങ്ങള്‍ പുറത്ത്

വിജയകുമാര്‍ അടിമയോട് എന്ന പോലെയാണ് പെരുമാറിയിരുന്നത്. പലതവണ ശമ്പളം ചോദിച്ചിട്ടും തരാതിരുന്നതോടെയാണ് മൊബൈല്‍ മോഷ്ടിച്ചത്

dot image

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി അമിത് ഉറാങ് പൊലീസിന് നല്‍കിയ മൊഴിയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ലക്ഷ്യംവെച്ചത് വിജയകുമാറിനെ മാത്രമാണെന്നും ഭാര്യ മീര ശബ്ദം കേട്ട് ഉണര്‍ന്നുവന്നതോടെ കൊല്ലേണ്ടിവരികയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിജയകുമാര്‍ തന്നോട് അടിമയോട് എന്ന പോലെയാണ് പെരുമാറിയിരുന്നതെന്നും കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിഷേധിച്ചതോടെയാണ് കൊലപാതകത്തിന് ഇറങ്ങിയതെന്നും അമിത് ഉറാങ് പറഞ്ഞു. വിജയകുമാറിനോട് അമിതിനുണ്ടായ കടുത്ത വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


'വിജയകുമാര്‍ അടിമയോട് എന്ന പോലെയാണ് പെരുമാറിയിരുന്നത്. പലതവണ ശമ്പളം ചോദിച്ചിട്ടും തരാതിരുന്നതോടെയാണ് മൊബൈല്‍ മോഷ്ടിച്ചത്. വിജയകുമാറിന്റെ ഫോണിലുണ്ടായിരുന്ന സിം കാര്‍ഡ് സ്വന്തം മൊബൈലിലേക്ക് മാറ്റി. ഗൂഗിള്‍ പേ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. നമ്പര്‍ ലിങ്ക് ചെയ്തിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 2,78,000 രൂപ മാറ്റി. ഭാര്യ പറഞ്ഞതോടെ ഇത് തിരികെ കൊടുക്കാന്‍ ശ്രമിച്ചു. പക്ഷെ പൊലീസ് കേസായതിനാല്‍ പണം തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാനാകില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം പണം തിരികെ നല്‍കാമെന്നും കേസ് പിന്‍വലിക്കണമെന്നും വിജയകുമാറിനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. വിജയകുമാര്‍ ആവശ്യം നിഷേധിച്ചതോടെയാണ് കൊല ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യം വിളക്കെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ഇത് നടക്കില്ലെന്ന് കണ്ടതോടെ വീടിനുളളില്‍ നിന്നുതന്നെ കോടാലിയെടുത്തു'- അമിത് ഉറാങ് പൊലീസിനോട് പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താന്‍ വിവാഹം കഴിച്ചതെന്നും ഗര്‍ഭകാലത്ത് ഭാര്യയെ പരിചരിക്കാന്‍ കഴിയാതെ വന്നതാണ് പ്രതികാരത്തിന് കാരണമെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.


അമിതിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സൗകര്യമുണ്ടാക്കിയത് ജയിലില്‍ കൂടെയുണ്ടായിരുന്ന കല്ലറ സ്വദേശി ഫൈസല്‍ ഷാജിയാണ്. ജാമ്യത്തിന് ആളെ നല്‍കിയതും ഫൈസല്‍ ഷാജിയാണ്. ഇവര്‍ക്കായുളള പണം അമിതിന്റെ അമ്മ നാട്ടില്‍ നിന്ന് അയച്ചുകൊടുക്കുകയായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതി കുമളിയിലെ തട്ടുകടയില്‍ ജോലി ചെയ്തു. അവിടെവച്ചാണ് വിജയകുമാറിനോട് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സംസാരിച്ചത്. നിഷേധിച്ചതോടെ കൊല്ലാന്‍ തീരുമാനിച്ചു. ഹോട്ടലില്‍ നിന്ന് 8 മണിയോടെ ഇറങ്ങി. 12 മണിവരെ റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റെടുത്ത് ഇരുന്നു. 12 ഇടങ്ങളില്‍ നിന്നും പൊലീസ് പ്രതിയുടെ വിരലടയാളങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

Content Highlights: vijayakumar treated me like a slave says amit orang kottayam double murder

dot image
To advertise here,contact us
dot image