'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

സംശുദ്ധമല്ലാത്ത കാര്യങ്ങള്‍ തലപ്പത്തുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

dot image

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള നടപടി എടുത്തിട്ടുണ്ടെന്നും പൊതുവെ അതെല്ലാം ഫലം കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതാപം ഉണ്ടായിരുന്ന ചില പൊതുമേഖല സ്ഥാപനങ്ങള്‍ താഴോട്ട് പോവുകയുണ്ടായി. അതില്‍ കെല്‍ട്രോണ്‍ പോലുള്ളവ ഇപ്പോള്‍ ശെരിയായ പാതയില്‍ മുന്നേറുകയാണ്. നേരത്തെ നഷ്ടത്തില്‍ ആയിരുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തില്‍ ആക്കാന്‍ കഴിഞ്ഞു. സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞു. ഓഫീസില്‍ സ്ഥാപനത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാതൃക കാണിക്കണം. ഓഫീസിലെ നടപടികള്‍ സുതാര്യമായിരിക്കണം. തലപ്പത്തുള്ളവരെയാണ് കീഴില്‍ ഉള്ളവര്‍ മാതൃകയാക്കേണ്ടത്. ഏതെങ്കിലും തരത്തിലുള്ള കറുത്ത പാട് വന്നുപോയാല്‍ തുടര്‍ന്നു ലഭിക്കേണ്ട അംഗീകാരത്തിന് തടസ്സമാകും. ആ ധാരണ ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.കാര്യങ്ങള്‍ സംശുദ്ധമായിരിക്കണം.കാര്യങ്ങളില്‍ ഒരുതരത്തിലുള്ള വയ്യ വേലികളും ഇല്ല എന്നത് ഉറപ്പിക്കണം. സംശുദ്ധമല്ലാത്ത കാര്യങ്ങള്‍ തലപ്പത്തുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുറന്ന മനസ്സോടെ കാര്യങ്ങള്‍ അംഗീകരിക്കണം. ജീവനക്കാര്‍ക്ക് അവരുടെതായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിനെ നല്ല മെയ് വഴക്കത്തോടെ, മാതൃകപരമായി നേരിടണം. അതും സ്ഥാപനത്തിന്റെ മുന്നോട്ടുപോക്കിന് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. കസ്തൂരിരംഗന്റെ നിര്യാണം വൈജ്ഞാനിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: CM Pinarayi Vijayan said that impure things should not happen from those in power

dot image
To advertise here,contact us
dot image