
മലപ്പുറം: വേങ്ങര പറപൂരിലെ ഒരു പ്രദേശത്തിന് 'പട്ടികജാതി നഗര്‍' എന്ന പേര് നല്‍കിയ മുസ്ലീം ലീഗ് നടപടി ചൂണ്ടികാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍. ജാതി പേര് വിളിക്കുംപോലെയുള്ള അപമാനമാണ് ഈ പേര് വാര്‍ഡിന് നല്‍കുന്നതെന്ന് ദിനു വിമര്‍ശിച്ചു. പറപൂരിലെ 18-ാം വാര്‍ഡിലെ ഒരു പ്രദേശത്തിനാണ് ' പട്ടിക ജാതി നഗര്‍' എന്ന പേര് നല്‍കിയിരിക്കുന്നത്. സഹോദര സമുദായത്തോട് പുലര്‍ത്തേണ്ട മിനിമം സാഹോദര്യബോധം ബോര്‍ഡ് വെച്ചവര്‍ക്ക് ഇല്ലാതെ പോയെന്നും മുസ്ലിം ലീഗ് ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ദിനു സാമൂഹിക മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.
സ്ഥലങ്ങള്‍ക്കൊപ്പം കോളനി എന്ന വാക്ക് ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന സുപ്രധാന ഉത്തരവ് നിലവില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് 'പട്ടികജാതി കോളനി' എന്ന് തിരുത്തി 'പട്ടികജാതി നഗര്‍' എന്ന് മാറ്റിയത്. ഇതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടതോടെ മുസ്ലീം ലീഗ് ബോര്‍ഡില്‍ നിന്നും പേര് വെട്ടി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
മലപ്പുറം ജില്ലയിലെ വേങ്ങര പറപൂരിലെ 18ആം വാര്‍ഡിലെ ഒരു പ്രദേശത്തിന് മുസ്ലിം ലീഗ് നല്‍കിയിരിക്കുന്ന പേരാണ് 'പട്ടികജാതി നഗര്‍'എന്നത് . ജാതി പേര് വിളിക്കും പോലെ തന്നെ ഉള്ള അപമാനമാണ് ഈ ബോര്‍ഡ് ഉണ്ടാക്കുന്നത് .ഈ ബോര്‍ഡ് കൊണ്ട് വെക്കുന്നവര്‍ക്കു സാമാന്യ ബോധം എന്നൊന്നിലേ ? ഞങ്ങള്‍ എന്താണ് ജീവിക്കുന്ന മ്യൂസിയം പീസുകള്‍ ആണോ ? ഒരു സഹോദര സമുദായത്തോട് പുലര്‍ത്തേണ്ട മിനിമം സാഹോദര്യ ബോധം ഇല്ലാതെ പോയ ഈ ബോര്‍ഡ് വെച്ച പ്രവര്‍ത്തകര്‍ക്കെതിരെ ലീഗ് നടപടി കൈക്കൊള്ളണം. അടിയന്തരമായി ഈ ബോര്‍ഡ് നീക്കം ചെയ്യണം
ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രി പദം ഒഴിയുന്നതിന് മുമ്പായിരുന്നു പേരിനൊപ്പമുള്ള 'കോളനി' എന്ന വാക്ക് ഒഴിവാക്കുന്ന സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനാണ് നിര്‍ദേശം. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളന്മാര്‍ ഉണ്ടാക്കിയതാണ്. പേര് കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുമെന്നും ഉത്തരവിന് പിന്നാലെ കെ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
Content Highlights: Muslim league criticized for naming SC Nagar to a place