
കോഴിക്കോട്: 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണമെന്ന ആവശ്യങ്ങള്‍ക്കിടെ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. 2018 ല്‍ താന്‍ കുടുംബസമേതം പഹല്‍ഗാമില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടെ സൈന്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ രക്ഷപ്പെട്ടവര്‍ പറഞ്ഞത് അവിടെ പട്ടാളക്കാരെ കണ്ടതേയില്ലായെന്നും പി കെ ഫിറോസ് പറഞ്ഞു. അങ്ങനെയെങ്കില്‍ എന്ന് മുതലാണ് ആര്‍മി ഔട്ട്‌പോസ്റ്റ് പഹല്‍ഗാമില്‍ നിന്ന് ഒഴിവാക്കിയതെന്നും ആരാണ് ഈ തിരുമാനത്തിന് പിന്നിലെന്നും പി കെ ഫിറോസ് ചോദിക്കുന്നു.
'2018 ലാണ് ഞാന്‍ കുടുംബ സമേതം പഹല്‍ഗാം സന്ദര്‍ശിച്ചത്. അന്നവിടെ സൈന്യത്തിന്റെ സ്ഥിരം സാന്നിധ്യമുണ്ടായിരുന്നു. അവരുടെ കൂടെ നിന്ന് ഫോട്ടോയും എടുത്തു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ രക്ഷപ്പെട്ടവര്‍ പറഞ്ഞത് അവിടെ പട്ടാളക്കാരെ കണ്ടതേയില്ല എന്നാണ്.
എന്ന് മുതലാണ് ആര്‍മി ഔട്ട്‌പോസ്റ്റ് പഹല്‍ഗാമില്‍ നിന്ന് ഒഴിവാക്കിയത്? ആരാണ് ഇങ്ങിനെ ഒരു തീരുമാനമെടുത്തത്?', എന്നാണ് പി കെ ഫിറോസ് ഫേസ്ബുക്കിലൂടെ ഉന്നയിച്ച ചോദ്യങ്ങള്‍.
പഹല്‍ഗാമിലുണ്ടായത് പ്രതിരോധ വീഴ്ചയാണോ സുരക്ഷാ വീഴ്ചയാണോയെന്നത് പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 20ന് മുന്‍പ് ബൈസരന്‍ താഴ്വാര തുറന്നത് സുരക്ഷാസേനയുടെ അറിവോടെ അല്ല എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. തുടര്‍നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ല. ഇതുവരെ സ്വീകരിച്ച നടപടികളാണ് പ്രതിരോധ മന്ത്രി യോഗത്തില്‍ വിശദീകരിച്ചത്. ജൂണിലാണ് സാധാരണ ഈ സ്ഥലം തുറന്നു നല്‍കിയിരുന്നത് എന്നും പ്രതിപക്ഷം ചൂണ്ടികാട്ടിയിരുന്നു.
Content Highlights: pahalgam attack Youth League P K Firos about safety