
വയനാട്: വയനാട്ടിലെ വന്യമൃഗശല്യം നിയന്ത്രിക്കാൻ സാധിക്കാത്ത ഒന്നായിമാറിയെന്ന് പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു. വന്യമൃഗ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ജനങ്ങളും സർക്കാരും ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. ദാരുണമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത് എന്നും അതിനാൽ കൊല്ലപ്പെട്ട അറുമുഖൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം ഇന്ന് തന്നെ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് വനം വകുപ്പും ആർആർടിയും കൂടുതൽ കാര്യ ക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ഇന്നലെ രാത്രി മേപ്പാടിയിൽ നിന്ന് വീട്ടിലേക്ക് അരിയും സാധനങ്ങളുമായി മടങ്ങുന്ന വഴിയാണ് അറുമുഖനെ കാട്ടാന ആക്രമിച്ചത്.
റോഡിനോട് ചേർന്ന് തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ വൈകിട്ട് ആന ചീറുന്ന ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. വന മേഖലയില്‍ നിന്ന് തോട്ടത്തിലൂടെ ഇറങ്ങിവന്ന് അറുമുഖനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
Content highlights :Wildlife in Wayanad has become uncontrollable: Minister OR Kelu