
പാലക്കാട്: മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ പി ഉണ്ണി. പാര്‍ട്ടി ചുമതലയില്‍ നിന്നൊരാള്‍ ഒഴിവായാല്‍ 'കുടിയിറക്ക' മാണ് എന്ന് തോന്നുന്നത് കമ്മ്യൂണിസം രക്തത്തില്‍ ഇപ്പോഴും അലിഞ്ഞു ചേരാത്തവര്‍ക്കാണെന്നാണ് വിമര്‍ശനം. നേരത്തെ പ്രായപരിധി നിബന്ധന കാരണം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായപ്പോള്‍, എകെജി ഫ്‌ലാറ്റില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുമെന്ന് എ കെ ബാലന്‍ പറഞ്ഞിരുന്നു. ഈ കുടിയിറക്കം എന്ന വാക്കിനെ മുന്‍നിര്‍ത്തിയാണ് പി ഉണ്ണിയുടെ രൂക്ഷവിമര്‍ശനം.
പാര്‍ട്ടി ചുമതലകളെക്കാള്‍ കൂടുതല്‍ കാലം പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട് എന്ന് എകെജി വെറുതെ പറഞ്ഞു വെച്ചതല്ല. സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വിമ്മിഷ്ടം ഇത്തരക്കാര്‍ക്ക് സംഭവിക്കും എന്ന് മുന്‍കൂട്ടി കണ്ടിട്ട് തന്നെയാണ്.
എല്ലാറ്റിലും വലിയ ത്യാഗം രക്തസാക്ഷിത്വം തന്നെയാണ്. അതാണല്ലോ കമ്മ്യൂണിസ്റ്റ് കാര്‍ എപ്പോഴും ആദ്യം രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന് വിളിക്കുന്നത്. വ്യക്തിപരമായ നിരാശകളില്‍ പോലും കമ്മ്യൂണിസ്റ്റ്കാര്‍ രക്ത സാക്ഷികളെയാണ് ഓര്‍ക്കുകയെന്നും പി ഉണ്ണി കുറിച്ചു.
സഖാവ് എം. ചന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടര്‍ന്ന് 1998 ല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ചുമതലയില്‍ പ്രവര്‍ത്തിച്ചു. 2012 വരെ 14 വര്‍ഷം ആ ചുമതല തുടര്‍ന്നു. ജില്ലയിലെ പാര്‍ട്ടി ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം ജില്ലാ സെക്രട്ടറി ആയി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് അഞ്ചു വര്‍ഷം ഒറ്റപ്പാലം ങഘഅ ആയി പ്രവര്‍ത്തിക്കാനും പാര്‍ട്ടി അവസരം നല്‍കി. 75 വയസ്സ് പൂര്‍ത്തിയാവുന്നതിനു മുന്‍പ് തന്നെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവായി. ഇപ്പോള്‍ എന്റെ വീട്ടില്‍ താമസിക്കുന്നു. സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കായി നിര്‍വഹിക്കുന്നു. സഖാക്കള്‍ പി പി കൃഷ്ണന്‍, ശിവദാസമേനോന്‍, എം. ചന്ദ്രന്‍ (അവരൊന്നും ഇപ്പോള്‍ ജീവിച്ചിരിക്കാത്തത് ഒരു കണക്കിന് നന്നായി) ഒക്കെ ഇത് പോലെ പാര്‍ട്ടി ചുമതലകളില്‍ നിന്നൊഴിവായി സ്വന്തം വീടുകളില്‍ താമസിച്ചു സാധ്യമായ സേവനം പാര്‍ട്ടിക്ക് നല്‍കി കൊണ്ടിരുന്നു. ചുമതലകള്‍ ഒഴിഞ്ഞ എനിക്ക് എന്നെ 'കുടിയിറക്കി' എന്ന് തീരെ തോന്നിയിട്ടില്ലെന്നും പി ഉണ്ണി കുറിച്ചു.
ജില്ലയിലെ പ്രസ്ഥാനത്തിന്റെ സല്‍ഫലങ്ങള്‍ മാത്രം അനുഭവിച്ചു ജീവിച്ചവര്‍ക്ക് അതൊന്നും ഓര്‍മ്മയില്‍ വരാതെ പോകുന്നതില്‍ അത്ഭുതമില്ല. രക്തസാക്ഷികള്‍ തന്നെയാണ് എന്നും ശക്തി ദുര്‍ഗ്ഗങ്ങളെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പി ഉണ്ണിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ "കുടിയിറക്കൽ" ഇല്ല.
***********************
സ്വന്തം കാര്യത്തേക്കാൾ വലുതായി പാർട്ടി താൽപ്പര്യം ഉയർത്തിപ്പിടിക്കണം എന്നാണ് അനേക കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ശീലങ്ങളിലൂടെ പഠിച്ച ഏറ്റവും വലിയ കാര്യം. അതിനാൽ സ്വകാര്യ വിചാരങ്ങൾ പൊതു സമൂഹവുമായി പങ്ക് വച്ചു ശീലിച്ചിട്ടില്ല. ആത്മകഥയൊക്കെ എഴുതി പ്രസിദ്ധീകരിക്കാൻ അത്രക്ക് വലിയ ആളാണെന്നും ഇത് വരെ തോന്നിയിട്ടില്ല.
1960 കളുടെ ആദ്യ പകുതിയിൽ പാർട്ടി അംഗമായി. എന്നാൽ അതിനും എത്രയോ മുൻപ് തീരെ ചെറിയ പ്രായത്തിൽ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പിന്നീട് പാർട്ടി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തത്തിന്റെ പേരിൽ ദീർഘനാൾ ജയിലിലും കഴിയേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ ഞാൻ മാത്രമല്ല ; അനേകം കമ്മ്യൂണിസ്റ്റ് കാരുണ്ട്. എഴുപതുകളുടെ അവസാനം DYFI യുടെ പൂർവ്വരൂപമായിരുന്ന KSYF ന്റെ ജില്ലാ സെക്രട്ടറിയായതിനെ തുടർന്ന് പ്രവർത്തന കേന്ദ്രം പാലക്കാടായി. DYFI രൂപീകരിച്ചപ്പോൾ ആദ്യ ജില്ലാ സെക്രട്ടറിയുടെ ചുമതലയും നിർവ്വഹിച്ചു. പിന്നീട് പാർട്ടി താലൂക്ക് കമ്മിറ്റികൾ വിഭജിച്ചു ഏരിയാ കമ്മിറ്റികൾ രൂപീകരിച്ചപ്പോൾ ആദ്യം മലമ്പുഴ ഏരിയാ കമ്മിറ്റിയുടെയും, പിന്നീട് പട്ടാമ്പി ഏരിയാ കമ്മിറ്റിയുടെയും സെക്രട്ടറിയായി പ്രവർത്തിച്ചു. 1985 മുതൽ ജില്ലാ സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്ന് വീണ്ടും ജില്ലാ കേന്ദ്രത്തിൽ നിന്നായിരുന്നു പ്രവർത്തനം. അക്കാലത്തായിരുന്നു ഇപ്പോഴത്തെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണം നടന്നത്. പിന്നീട് CITU ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. അപ്പോഴാണ് ഇപ്പോഴത്തെ CITU ജില്ലാ കമ്മിറ്റി ഓഫീസ് നിർമിച്ചത്. സഖാവ് എം. ചന്ദ്രൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്ന് 1998 ൽ പാർട്ടി ജില്ലാ സെക്രട്ടറി ചുമതലയിൽ പ്രവർത്തിച്ചു. 2012 വരെ 14 വർഷം ആ ചുമതല തുടർന്നു. ജില്ലയിലെ പാർട്ടി ചരിത്രത്തിൽ ഏറ്റവും ദീർഘകാലം ജില്ലാ സെക്രട്ടറി ആയി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. തുടർന്ന് അഞ്ചു വർഷം ഒറ്റപ്പാലം MLA ആയി പ്രവർത്തിക്കാനും പാർട്ടി അവസരം നൽകി. 75 വയസ്സ് പൂർത്തിയാവുന്നതിനു മുൻപ് തന്നെ സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവായി. ഇപ്പോൾ എന്റെ വീട്ടിൽ താമസിക്കുന്നു. സാധിക്കുന്ന പ്രവർത്തനങ്ങൾ പാർട്ടിക്കായി നിർവഹിക്കുന്നു. സഖാക്കൾ പി പി കൃഷ്ണൻ, ശിവദാസമേനോൻ, എം. ചന്ദ്രൻ (അവരൊന്നും ഇപ്പോൾ ജീവിച്ചിരിക്കാത്തത് ഒരു കണക്കിന് നന്നായി) ഒക്കെ ഇത് പോലെ പാർട്ടി ചുമതലകളിൽ നിന്നൊഴിവായി സ്വന്തം വീടുകളിൽ താമസിച്ചു സാധ്യമായ സേവനം പാർട്ടിക്ക് നൽകി കൊണ്ടിരുന്നു. ചുമതലകൾ ഒഴിഞ്ഞ എനിക്ക് എന്നെ "കുടിയിറക്കി" എന്ന് തീരെ തോന്നിയിട്ടില്ല.
ഞങ്ങളുടെ പ്രവർത്തനാരംഭ കാലം മുതൽ തന്നെ "കുടിയിറക്കൽ" ഒരു നിഷിദ്ധ പ്രയോഗമായിരുന്നു. അതിലൊരു "ഫ്യൂഡൽ" രാഷ്ട്രീയ അംശമുണ്ട്. സാധാരണ കമ്മ്യൂണിസ്റ്റ് കാർ ഉപയോഗിക്കാത്തൊരു പ്രയോഗമാണത്. ചുമതലയിൽ നിന്നൊരാൾ ഒഴിവായാൽ "കുടിയിറക്ക" മാണ് എന്ന് തോന്നുന്നത് കമ്മ്യൂണിസം രക്തത്തിൽ ഇപ്പോഴും അലിഞ്ഞു ചേരാത്തവർക്കാണ്. പാർട്ടി ചുമതലകളെക്കാൾ കൂടുതൽ കാലം പാർലമെന്ററി സ്ഥാനങ്ങൾ വഹിച്ചവർക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട് എന്ന് എ കെ ജി വെറുതെ പറഞ്ഞു വെച്ചതല്ല. സൗകര്യങ്ങൾ നഷ്ടപ്പെടുന്നതിന്റെ വിമ്മിഷ്ടം ഇത്തരക്കാർക്ക് സംഭവിക്കും എന്ന് മുൻകൂട്ടി കണ്ടിട്ട് തന്നെയാണ്.
എല്ലാറ്റിലും വലിയ ത്യാഗം രക്തസാക്ഷിത്വം തന്നെയാണ്. അതാണല്ലോ കമ്മ്യൂണിസ്റ്റ് കാർ എപ്പോഴും ആദ്യം രക്തസാക്ഷികൾ സിന്ദാബാദ് എന്ന് വിളിക്കുന്നത്. വ്യക്തിപരമായ നിരാശകളിൽ പോലും കമ്മ്യൂണിസ്റ്റ്കാർ രക്ത സാക്ഷികളെയാണ് ഓർക്കുക!!! അങ്ങനെ ഓർക്കാൻ പാലക്കാട് ജില്ലയിൽ എത്രയോ അനുഭവങ്ങൾ ഉണ്ടല്ലോ!!!!
ജില്ലയിലെ പ്രസ്ഥാനത്തിന്റെ സൽഫലങ്ങൾ മാത്രം അനുഭവിച്ചു ജീവിച്ചവർക്ക് അതൊന്നും ഓർമ്മയിൽ വരാതെ പോകുന്നതിൽ അത്ഭുതമില്ല. രക്തസാക്ഷികൾ തന്നെയാണ് എന്നും ശക്തി ദുർഗ്ഗങ്ങൾ.
-
പി ഉണ്ണി.