
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ജില്ലയിലെ സിപിഐഎം നേതാക്കള്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. രാമചന്ദ്രന്റെ ഭാര്യ ഷീല, മക്കളായ അരവിന്ദ്, ആരതി എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു.
ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ സംസ്‌കാരം ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും ഇന്ന് രാമചന്ദ്രന്റെ കൊച്ചി മാമംഗലത്തെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
ഭാര്യയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് യാത്രപോയ രാമചന്ദ്രന്‍ മകളുടെ കണ്‍മുന്നില്‍വെച്ചാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകള്‍ ആരതിക്കുനേരെ ഭീകരര്‍ തോക്കുചൂണ്ടിയെങ്കിലും വെറുതെവിട്ടു. പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിയ രാമചന്ദ്രന്റെ മൃതദേഹം ഇടപ്പള്ളി ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്.
Content Highlights: C M Pinarayi Vijayan Visit N Ramachandran's Home At Idappally kochi