
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള. മുഖ്യമന്ത്രി പിണറായി വിജയൻ ഗോവ ഗവർണറെ അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയ്ക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ആരോപണം വാസ്തവ വിരുദ്ധമാണെന്നായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം.
കേരളത്തിലെ വൺ ആർട്ട് നേഷൻ്റെ പരിപാടിയാണ് ഗോവ രാജ്ഭവനിൽ നടന്നത്. അതിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. കാള പെറ്റെന്ന് കേട്ടാൽ കയറെടുക്കുന്ന രീതി അപക്വമാണെന്നും ജനാധിപത്യത്തിൽ ശത്രുക്കളില്ല, രാഷ്ട്രീയ എതിരാളികൾ മാത്രമേ ഉള്ളൂവെന്ന് വി ഡി സതീശൻ ഓർക്കണമെന്നും ഗോവ രാജ്ഭവൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
കോഴിക്കോട് ഡിസിസി ഓഫീസ് കെട്ടിട ഉദ്ഘാടന ചടങ്ങിൽ കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ പാർട്ടിയിലെ ഉന്നത നേതാക്കൾ ഗോവ ഗവർണർക്ക് നന്ദി രേഖപ്പെടുത്തുകയും വാനോളം പുകഴ്ത്തുകയും ചെയ്തത് രാഷ്ട്രീയ അടിസ്ഥാനത്തിലാണോ എന്ന് അദ്ദേഹം വിശദീകരിക്കുമോയെന്നും വാർത്താ കുറിപ്പിൽ ചോദിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അത്താഴവിരുന്നിനുള്ള ക്ഷണം കേരള, ഗോവ, ബംഗാൾ ഗവർണർമാർ നിരസിച്ചുവെന്നാണ് വാർത്തകൾ വന്നത്. ഇന്ന് ക്ലിഫ് ഹൗസിൽ വച്ചായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. അത്താഴ വിരുന്നിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടവന്നേക്കാം എന്നതിനാലാണ് ഗവർണർമാർ വിരുന്നിൽ നിന്ന് പിന്മാറിയതെന്നും വ്യാഖ്യാനങ്ങൾ ഉയർന്നിരുന്നു.
Content Highlights: goa governor against v d satheesan